From the print
ട്രംപിന്റെ പുതിയ നയം; ഇന്ത്യക്കാരുടെ ജോലി പ്രതിസന്ധിയില്‍
വിദേശ ഡ്രൈവര്‍മാര്‍ക്കുള്ള തൊഴിലാളി വിസകള്‍ നിര്‍ത്തലാക്കുന്നത് മുതല്‍ ഓട്ടോമാറ്റിക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കലുകള്‍ അവസാനിപ്പിച്ചതു വരെയുള്ള നടപടികളാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ സാരമായി ബാധിച്ചത്.
ന്യൂഡല്‍ഹി | യു എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിസ സംവിധാനങ്ങളില്‍ കൊണ്ടുവന്ന വിവിധ മാറ്റങ്ങള്‍ കാരണം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപോര്‍ട്ട്. വിദേശ ഡ്രൈവര്‍മാര്‍ക്കുള്ള തൊഴിലാളി വിസകള്‍ നിര്‍ത്തലാക്കുന്നത് മുതല്‍ ഓട്ടോമാറ്റിക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കലുകള്‍ (തൊഴില്‍ അംഗീകാര രേഖകളുടെ സ്വഭാവിക പുതുക്കല്‍) അവസാനിപ്പിച്ചതു വരെയുള്ള നടപടികളാണ് യു എസിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ സാരമായി ബാധിച്ചത്. യു എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപാര്‍ട്മെന്റ് (ഡി എച്ച് എസ്) കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖകളുടെ (ഇ എ ഡി) സ്വഭാവിക പുതുക്കല്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതാണ് ഏറ്റവും ഒടുവില്‍ പ്രതിസന്ധിയിലാക്കിയത്.
ഒരാള്‍ക്ക് യു എസില്‍ നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാന്‍ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള മാര്‍ഗമാണ് ഇ എ ഡി. തൊഴില്‍ അംഗീകാര രേഖകള്‍ യഥാസമയം പുതുക്കി നല്‍കാതെ വരുന്നത് നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കും.
ഇന്നലെ മുതല്‍ ഇ എ ഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി സ്വഭാവിക പുതുക്കല്‍ ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഡി എച്ച് എസ് വ്യക്തമാക്കിയിരുന്നു. വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കൂവെന്നാണ് പ്രസ്താവനയില്‍ അറിയിച്ചത്. ഇ എ ഡി പുതുക്കാന്‍ അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ യു എസില്‍ ജോലിയില്‍ തുടരാമായിരുന്നു.
എന്നാല്‍, പുതിയ നിയമം അനുസരിച്ച് നിലവിലെ കാലാവധി തീരുംമുമ്പ് ഇ എ ഡി പുതുക്കലിന് അംഗീകാരം ലഭിച്ചിട്ടില്ലാത്തവര്‍ ഉടന്‍ ജോലി അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം.
ഇ എ ഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ഇ എ ഡി പുതുക്കല്‍ അപേക്ഷ ഫയല്‍ ചെയ്യാന്‍ എത്രത്തോളം വൈകുന്നോ അത്രത്തോളം അവര്‍ക്ക് തൊഴില്‍ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ താത്കാലിക വീഴ്ച അനുഭവപ്പെടാനുള്ള സാധ്യതയേറെയാണെന്ന് ഡി എച്ച് എസ് അറിയിച്ചു.




