From the print
ഫ്രഷ് കട്ട് പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി.
കോഴിക്കോട് | സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡി എല്‍ എഫ് എം സി) യുടേതാണ് തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറ് മുതല്‍ രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവെക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌കരിക്കുകയും ചെയ്യും. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌കരണ പ്ലാന്റായ ഇ ടി പിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇ ടി പിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ ഐ ടിയില്‍ പരിശോധന നടത്തും.
നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്ലാന്റിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍, റൂറല്‍ എസ് പി. ഇ കെ ബൈജു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ ടി രാകേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സി. എന്‍ജിനീയര്‍ വി വി റമീന, എല്‍ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, എന്‍ െഎ ടി സി അസ്സി. പ്രൊഫ. ജി പ്രവീണ്‍ കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ജി എസ് അര്‍ജുന്‍, ഫ്രഷ് കട്ട് പ്രതിനിധികള്‍ പങ്കെടുത്തു.




