Connect with us

From the print

ഓഡിഷന് വിളിച്ച് കുട്ടികളെ ബന്ദികളാക്കി; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചു

17 കുട്ടികള്‍ ഉള്‍പ്പെടെ 19 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

മുംബൈ | നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കൊടുവില്‍, യുവാവ് ബന്ദികളാക്കിയ 17 കുട്ടികള്‍ ഉള്‍പ്പെടെ 19 പേരെ നാടകീയമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തി. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ ഓപറേഷനിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചു. മുംബൈയിലെ പൊവയ് മേഖലയിലെ മഹാവീര്‍ ക്ലാസ്സിക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വെബ് സീരീസിന്റെ ഓഡിഷന് വേണ്ടി വിളിച്ചുവരുത്തിയ പത്തിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും മറ്റ് രണ്ട് പേരെയുമാണ് പുണെ സ്വദേശിയായ രോഹിത് ആര്യ ബന്ദിയാക്കിയത്. വെബ് സീരീസിന്റെ സംവിധായകനെന്ന് അവകാശപ്പെടുന്ന ഇയാള്‍ രണ്ട് മണിക്കൂറിലേറെയാണ് കുട്ടികളെ സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്.

കുട്ടികളെ ബന്ദികളാക്കിയതിന് പിന്നാലെ രോഹിത് ആര്യ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നും അത് വളരെ ചെറിയ ആവശ്യങ്ങളാണെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. ചില ആളുകളോട് സംസാരിക്കണം. അവരോട് ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരങ്ങള്‍ വേണം. വേറെയൊന്നും വേണ്ട. താന്‍ തീവ്രവാദിയല്ല. ധാരാളം പണവും വേണ്ട. ഒരുപദ്ധതിയുടെ ഭാഗമായാണ് കുട്ടികളെ ബന്ദിയാക്കിയത്. താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അത് നടപ്പാക്കും. തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ സ്ഥലം കത്തിക്കും. പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ കുട്ടികളുടെ ജീവന്‍ ആപത്തിലാകുമെന്നും പ്രതി വീഡിയോയില്‍ പറഞ്ഞിരുന്നു.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ഇതോടെ പോലീസുകാര്‍ വിവിധ സംഘങ്ങളായി സംഭവസ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ആദ്യം സ്റ്റുഡിയോ കെട്ടിടം വളഞ്ഞു. രോഹിതിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേത്തുടര്‍ന്നാണ് സ്റ്റുഡിയോക്കുള്ളില്‍ പ്രവേശിച്ച് ഓപറേഷന്‍ നടത്തിയത്.

സ്റ്റുഡിയോയുടെ ഗ്രില്‍ തകര്‍ത്താണ് പോലീസ് ഉള്ളിലേക്ക് പ്രവേശിച്ചത്. എയര്‍ ഗണ്‍ ഉപയോഗിച്ച് പ്രതി വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ ആര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 17 കുട്ടികളും സുരക്ഷിതരാണെന്ന് ജോയിന്റ്കമ്മീഷണര്‍ സത്യനാരായണ്‍ ചൗധരി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡിയോക്കുള്ളില്‍ നിന്ന് എയര്‍ഗണ്ണും ചില രാസവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

 

Latest