Kerala
ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്നരക്കോടി തട്ടി; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി

തിരുവനന്തപുരം|ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള, സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്നാണ് പണം തട്ടിയത്.
2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പോലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രവി ശങ്കര്‍ പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയിലുണ്ട്. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്‌ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പോലീസ് ക്യാമ്പില്‍ ഡ്യൂട്ടിയിലാണ്. പരാതി ലഭിച്ചെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല ഇടങ്ങളില്‍ ഭൂമി വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു. തനിക്ക് പേടിയില്ലെന്നും കേസുമായി പോകൂവെന്നും രവി ശങ്കര്‍ പറഞ്ഞതായും പരാതിക്കാര്‍ പറഞ്ഞു. പരാതിയുടെ ഭാഗമായി രവിശങ്കറിനെ കുറച്ച് ദിവസം സസ്‌പെന്‍ഷന്‍ ചെയ്ത് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.