Connect with us

Kerala

എഐജി വിജി വിനോദ് കുമാറിനെതിരായ പരാതി; വനിതാ എസ്‌ഐമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

വനിത എസ്‌ഐമാര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ എഐജിക്കെതിരെ വകുപ്പ് തല നടപടിക്കും സാധ്യത

Published

|

Last Updated

തിരുവനന്തപുരം |  ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തില്‍ പരാതിക്കാരായ രണ്ടു വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം എഐജി വിനോദ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നാണ് വിനോദ് കുമാര്‍ മൊഴി നല്‍കിയത്. മെസേജുകള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി അയച്ചതല്ലെന്നും ബ്രോഡ്കാസ്റ്റ് സന്ദേശമായി ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍ അയച്ചതാണെന്നും വിനോദ് കുമാര്‍ മൊഴി നല്‍കി

പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ എസ്പി മെറിന്‍ ജോസഫിനാണ് അന്വേഷണ ചുമതല. കഴിഞ്ഞമാസം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് ആദ്യം പരാതി നല്‍കിയത്. രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിതാ എസ്‌ഐമാരുടെ മൊഴിയെടുത്ത അജിതാ ബീഗം, ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനിത എസ്‌ഐമാര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ എഐജിക്കെതിരെ വകുപ്പ് തല നടപടിക്കും സാധ്യതയുണ്ട്

---- facebook comment plugin here -----

Latest