Kerala
കേരള സാഹിത്യോത്സവിൽ മത്സരം ഇഞ്ചോടിഞ്ച്; ആദ്യദിനം മലപ്പുറം വെസ്‌റ്റ് മുന്നിൽ
കലയേയും സാഹിത്യത്തേയും നെഞ്ചേറ്റിയ പാലക്കാടൻ മണ്ണിൽ ധാർമിക വിപ്ലവ പോരാളികൾ നിറഞ്ഞാടുന്നു

പാലക്കാട് | പാലക്കാടൻ കാറ്റിനിപ്പോൾ ധർമാധിഷ്ടിത സംഗീതത്തിന്റെ സുഗന്ധമാണ്. കലയേയും സാഹിത്യത്തേയും നെഞ്ചേറ്റിയ പാലക്കാടൻ മണ്ണിൽ ധാർമിക വിപ്ലവ പോരാളികൾ നിറഞ്ഞാടുന്നു. എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ആദ്യ ദിനം തന്നെ പ്രൗഢം. 14 വേദികളിലായി 2500ഓളം പ്രതിഭകൾ മാറ്റുരക്കുന്ന കേരള സാഹിത്യോത്സവിൽ മത്സരം ഇഞ്ചോടിഞ്ചാണ്.
ഒന്നാം ദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ മലപ്പുറം വെസ്റ്റ് ജില്ലയാണ് മുന്നിൽ. 90 മത്സരങ്ങൾ പൂർത്തിയായപ്പോൾ 413 പോയിന്റോടെയാണ് മലപ്പുറം വെസ്റ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 372 പോയിന്റോടെ കോഴിക്കോട് സൗത്ത് രണ്ടാം സ്ഥാനത്തും 367 പോയിന്റുമായി മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ പാതിരാത്രിയും പുലർച്ചെയുമായി കേരളത്തിലെ 18 സംഘടനാ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ പാലക്കാടൻ കുളിർക്കാറ്റേറ്റ് കൊല്ലങ്കേടിലെ നഗരിയിലെത്തിച്ചേർന്നു. ഹൃദ്യമായ സ്വീകരണമൊരുക്കിയാണ് സ്വാഗത സംഘം പ്രതിഭകളേയും വിവിധ സാംസ്കാരിക വേദികളിലെത്തുന്ന അതിഥികളെയും വിധികർത്താക്കളേയും കലാ സ്നേഹികളേയും വരവേറ്റത്.
രാവിലെ ആറിന് ഉണർന്ന വേദികളിൽ ആദ്യ മത്സരം ജനറൽ സ്‌പോട്ട് മാഗസിൻ. തുടർന്ന് മത്സരങ്ങളുടെ കളാകളാരവം. വേദികളിൽ നിന്ന് വേദികളിലേക്കൊഴുകി കലാസ്നേഹികൾ. ഇടക്ക് ഗൗരവപ്പെട്ട സാംസ്കാരിക ചർച്ചകൾ. മത്സര ഫലങ്ങൾ അറിവാകുമ്പോൾ ഹർഷാരവം.നിറഞ്ഞ് കവിഞ്ഞ് സദസ്സുകൾ, പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കിട്ടും അഭിവാദ്യങ്ങൾ നേർന്നും മത്സരികൾ.
രാത്രി വേദി ഒന്നിൽ ഖവാലി തുടങ്ങിയതോടെ സദസ്സ് സൂചി കുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞു. ഗായകർ സൂഫി വര്യന്മാരെ വാഴ്ത്തിപ്പാടയപ്പോൾ സദസ്സും അതിൽ ലയിച്ചുചേർന്നു.
കലാ സാഹിത്യ മത്സരങ്ങളുടെയും സാംസ്കാരിക ചിന്തകളുടെയും വൈജ്ഞാനികാന്വേഷണങ്ങളുടെയും മറ്റൊരടയാളമാവുകയാണ് പാലക്കാട്ടെ കേരള സാഹിത്യോത്സവ്.