Connect with us

local body election 2025

ഒതുക്കുങ്ങലില്‍ മത്സരം സമപ്രായക്കാര്‍ തമ്മില്‍

എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് സംവിധാനം നിലവിലുണ്ട്

Published

|

Last Updated

കോട്ടക്കല്‍ | ജില്ലാ പഞ്ചായത്ത് ഒതുക്കുങ്ങല്‍ ഡിവിഷനില്‍ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ സമപ്രായക്കാര്‍. ഇരുസ്ഥാനാര്‍ഥികളും 59 വയസ്സുകാരാണ്. മലപ്പുറം ബ്ലോക്കിലെ വലിയാട്, ഉമ്മത്തൂര്‍, വെസ്റ്റ് കോഡൂര്‍, ഒതുക്കുങ്ങല്‍, പുത്തൂര്‍, ചാപ്പനങ്ങാടി, വേങ്ങര ബ്ലോക്കിലെ പാലാണി, പറപ്പൂര്‍ ഡിവിഷനുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് ഒതുക്കുങ്ങല്‍ ഡിവിഷന്‍.
ഡിവിഷനില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളെല്ലാം നിലവില്‍ യു ഡി എഫ് ഭരിക്കുന്നവയാണ്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് സംവിധാനം നിലവിലുണ്ട്. ഇത് യു ഡി എഫ് വിജയം ഉറപ്പാക്കുമെന്നും സംസ്ഥാന ഭരണത്തിന്റെ പരാജയം കൂടി വോട്ടായി മാറുമെന്നും യു ഡി എഫ് പറയുന്നു. ജന പ്രതിനിധിയായി പരിചയമുള്ള നേതൃത്വത്തെ തന്നെയാണ് യു ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്.

മുസ്‌ലിം ലീഗിലെ കെ വി മുഹമ്മദാലിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. ആനക്കയം ചേപ്പൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമാണ്. വിവിധ കാലയളവുകളില്‍ ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മികവ് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കെ വി മുഹമ്മദലി.

എല്‍ ഡി എഫ് സ്വതന്ത്രനായി കുന്നക്കാടന്‍ മൊയ്തീന്‍കുട്ടിയാണ് മത്സരിക്കുന്നത്. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയാണ്. ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു. നാഷനല്‍ യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി, പ്രധാനാധ്യാപക സംഘടനയായ കെ പി പി എച്ച് എ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്. നിലവിലെ അവസ്ഥക്ക് മാറ്റം വരുത്തുമെന്നും ക്രിയാത്മക വികസനങ്ങള്‍ കൊണ്ടുവരുമെന്നുമാണ് ഇടതുപക്ഷത്തിന്റെ വാഗ്ദാനം.

സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ അംഗീകാരമാകുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നനത്. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെ പരിചയം കൂടി മുതല്‍ കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായി രാജേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി ടി ജംഷാദലി എന്നിവരും മത്സര രംഗത്തുണ്ട്.

 

Latest