Connect with us

National

വിദ്വേഷ പ്രസംഗ കേസുകൾ പരിശോധിക്കാൻ സമിതി രൂപീകരിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി

ഓഗസ്റ്റ് 18 നകം സമിതിയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ തേടാനും മറുപടി നല്‍കാനും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡൽഹി |രാജ്യത്തുടനീളമുള്ള വിദ്വേഷ പ്രസംഗ കേസുകൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി. കഴിഞ്ഞയാഴ്ച വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ട ഹരിയാനയിൽ ഉൾപ്പെടെ രാജ്യത്തുടനീളം നടന്ന റാലികളിൽ, ഒരു സമുദായത്തിലെ അംഗങ്ങളെ കൊല്ലാനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്ത “നഗ്നമായ വിദ്വേഷ പ്രസംഗങ്ങൾ” തടയാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ളയാണ് കോടതിയെ സമീപിച്ചത്.

സമുദായങ്ങൾ തമ്മിൽ ഐക്യവും സൗഹാർദവും ഉണ്ടാകണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ സമുദായങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. വിദ്വേഷ പ്രസംഗം നല്ലതല്ല, ആര്‍ക്കും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന വിദ്വേഷ പ്രസംഗ പരാതികൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി പോലീസ് മേധാവിയോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു.

ഓഗസ്റ്റ് 18 നകം സമിതിയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ തേടാനും മറുപടി നല്‍കാനും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. വീഡിയോകൾ ഉള്‌പ്പെടെ എല്ലാ വിവരങ്ങളും ശേഖരിച്ച് നോഡൽ ഓഫീസർമാർക്ക് നൽകാനും ബെഞ്ച് ഹരജിക്കാരനോട് ആവശ്യപ്പെട്ടു.

ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്നും ശാരീരിക അക്രമമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഇല്ലെന്നും സംസ്ഥാന സർക്കാരുകളും പൊലീസും ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.

Latest