Kerala
മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ഒഴിവാക്കണമെന്ന് സി എം എഫ് ആര്‍ ഐ
മത്തിക്കുഞ്ഞുങ്ങള്‍ ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങള്‍ ശരിയല്ല

കൊച്ചി | മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കര്‍ശന നിര്‍ദേശം നല്‍കി.കേരള തീരത്ത് മത്തിക്കുഞ്ഞുങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് 10 സെ.മീ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്ന സി എം എഫ് ആര്‍ ഐ വിലക്കിയത്.
അനുകൂലമായ മഴ ലഭിച്ചതും കടല്‍ ഉപരിതലം കൂടുതല്‍ ഉല്‍പാദനക്ഷമമായതുമാണ് മത്തി വന്‍തോതില്‍ കേരള തീരത്ത് ലഭ്യമാകാന്‍ കാരണമെന്ന് അടുത്തിടെ സി എം എഫ് ആര്‍ ഐ പഠനം വ്യക്തമാക്കിയിരുന്നു. മത്തിക്കുഞ്ഞുങ്ങള്‍ ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്.
തീരക്കടലുകള്‍ ഇപ്പോഴും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമമാണെന്നതിനാല്‍ ചെറുമത്തികള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താന്‍ നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും ഡയറക്ടര്‍ പറഞ്ഞു. തീരെ ചെറിയ മത്തി പിടിക്കുന്നത് ഭാവിയില്‍ മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാന്‍ കാരണമാകുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. യു ഗംഗയും പറഞ്ഞു.