International
ഇത് പുതിയ മധ്യപൂർവേഷ്യയുടെ ചരിത്രപരമായ ഉദയം; താൻ യുദ്ധം അവസാനിപ്പിക്കുന്നയാൾ: ഇസ്റാഈൽ പാർലിമെന്റിൽ ട്രംപ്
നെതന്യാഹുവിന് പുകഴ്ത്തൽ; അറബ്, മുസ്ലിം ലോകത്തെ മധ്യസ്ഥർക്കും നന്ദി പറഞ്ഞ് ട്രംപ്; പ്രസംഗത്തിനിടെ ട്രംപിനെതിരെ പ്രതിഷേധവും

ജറുസലേം | ഗസ്സ സമാധാന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ ഇസ്റാഈൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ച ട്രംപ്, പിന്നീട് ഇസ്റാഈൽ പാർലിമെന്റായ നെസ്റ്റിനെ അഭിസംബോധന ചെയ്തു. വെടിനിർത്തൽ നടപ്പാക്കിയതിന് നെതന്യാഹുവിനെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അറബ്, മുസ്ലിം ലോകത്തെ മധ്യസ്ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇസ്റാഈലും ഹമാസും തമ്മിൽ അമേരിക്കൻ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ, ബന്ദി കൈമാറ്റ കരാർ ആഘോഷിക്കാനാണ് ട്രംപ് ഇസ്റാഈലിൽ എത്തിയത്. ഈ കരാർ യുദ്ധം ഫലപ്രദമായി അവസാനിപ്പിക്കുകയും മധ്യപൂർവേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു.
ഇത് പുതിയ മധ്യപൂർവേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്ന് ട്രംപ് പറഞ്ഞു. വർഷങ്ങളായി നീണ്ടുനിന്ന യുദ്ധങ്ങൾക്കും, അവസാനമില്ലാത്ത അപകടങ്ങൾക്കും ശേഷം, ഇന്ന് ആകാശം ശാന്തമാണ്, തോക്കുകൾ നിശബ്ദമാണ്, സൈറണുകൾ നിലച്ചിരിക്കുന്നു, ഒടുവിൽ സമാധാനത്തിലായ ഒരു പുണ്യഭൂമിയിൽ സൂര്യനുദിക്കുന്നു. ആ നാടും മേഖലയും ദൈവഹിതമുണ്ടെങ്കിൽ എന്നേക്കും സമാധാനത്തിൽ ജീവിക്കും – ട്രംപ് പറഞ്ഞു. ഇസ്റാഈലിന് ഇതൊരു സുവർണ കാലഘട്ടമാണെന്നും ട്രംപ് പറഞ്ഞു.
ബന്ദികൾ തിരിച്ചെത്തി എന്ന് പറയുന്നത് നല്ല അനുഭൂതി നൽകുന്നു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് നമ്മൾ സമയം പാഴാക്കുകയാണെന്ന് ധാരാളം ആളുകൾ പറഞ്ഞിരുന്നു. എന്നാൽ നിരവധി മഹത്തായ അമേരിക്കൻ രാജ്യസ്നേഹികൾക്ക് നന്ദി, നമ്മൾ ഇത് നേടി – കരഘോഷങ്ങൾക്കിടെ ട്രംപ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനും വീടുകളിലേക്ക് അയക്കാനും ഹമാസിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഒത്തുചേർന്ന അറബ്, മുസ്ലിം ലോകത്തെ എല്ലാ രാജ്യങ്ങളെയും അഭിനന്ദനം അറിയിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്ന അവകാശവാദം പ്രസംഗത്തിനിടെ അദ്ദേഹം വീണ്ടും ആവർത്തിച്ചു. എട്ട് മാസത്തിനുള്ളിൽ നിങ്ങൾ എട്ട് യുദ്ധങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കിയെന്ന് പറയുമ്പോൾ, നിങ്ങൾക്ക് യുദ്ധങ്ങളെ ഇഷ്ടമല്ലെന്ന് തന്നെയാണ് അതിനർത്ഥം. ഞാൻ ക്രൂരനായിരിക്കുമെന്ന് എല്ലാവരും കരുതി. ഞാൻ എല്ലാവരുമായി യുദ്ധത്തിന് പോകുമെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞത് ഞാൻ ഓർക്കുന്നു. എനിക്ക് യുദ്ധത്തിന് പോകുന്ന സ്വഭാവമാണെന്ന് അവൾ പറഞ്ഞു. എന്നാൽ എന്റെ സ്വഭാവം യുദ്ധം അവസാനിപ്പിക്കുന്നതിനാണ് – ട്രംപ് വ്യക്തമാക്കി.
ലോകം സമാധാനം ആഗ്രഹിച്ചു. ഇസ്റാഈലും സമാധാനം ആഗ്രഹിച്ചു. എല്ലാവരും അങ്ങനെയായിരുന്നു. ഇത് എത്ര വലിയ വിജയമാണ് – ട്രംപ് കൂട്ടിച്ചേർത്തു. ഇനി നിങ്ങൾ യുദ്ധമുഖത്ത് അല്ലെന്നും അതിനാൽ, കുറച്ചുകൂടി മര്യാദയുള്ളവനായി മാറണമെന്നും നെതന്യാഹുവിനോട് ട്രംപ് പറഞ്ഞു. നെതന്യാഹുവുമായി ഇടപെടുന്നത് എളുപ്പമല്ലെന്ന് പറഞ്ഞ ട്രംപ് എന്നാൽ അതാണ് അദ്ദേഹത്തെ മഹാനാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
വേദനാജനകമായ പേടിസ്വപ്നം ഒടുവിൽ അവസാനിച്ചു. ഒക്ടോബർ 7 മുതൽ ഈ ആഴ്ച വരെ, ഇസ്റാഈൽ യുദ്ധത്തിലായിരുന്ന ഒരു രാഷ്ട്രമാണ്. അഭിമാനവും വിശ്വസ്തതയുമുള്ള ഒരു ജനതയ്ക്ക് മാത്രം താങ്ങാൻ കഴിയുന്ന ഭാരങ്ങൾ അവർ സഹിച്ചു. ഈ നാട്ടിലുടനീളമുള്ള നിരവധി കുടുംബങ്ങൾ, ഒരു ദിവസം പോലും യഥാർത്ഥ സമാധാനം അനുഭവിച്ചിട്ട് വർഷങ്ങളായെന്നും ഇസ്റാഈലിനെ പുകഴ്ത്തി ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിച്ച ഇസ്റാഈൽ സെനറ്റർമാരെ സുരക്ഷാ ഗാർഡുകള പാർലിമെന്റിന് പുറത്തേക്ക് നീക്കുന്നു
അതിനിടെ, ഇസ്റാഈൽ പാർലിമെന്റിൽ ട്രംപ് സംസാരിക്കുന്നതിനിടെ പ്രതിഷേധവും ഉയർന്നു. “വംശഹത്യ” എന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തിക്കാട്ടിയ രണ്ട് സെനറ്റ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ ട്രംപിന്റെ പ്രസംഗം അൽപനേരം തടസ്സപ്പെട്ടു. അയ്മൻ ഓഡെ, ഓഫർ കാസിഫ് എന്നീ സെനറ്റ് അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ സഭയിൽ നിന്നും മാറ്റി.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ബാക്കിയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച വിട്ടയച്ചിരുന്നു. തടങ്കലിൽ കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇസ്റാഈലിന് കൈമാറി. ഇതിനു പിന്നാലെ ഇസ്റാഈൽ ജയലിൽ കഴിയുന്ന 150 തടവുകാരെ ഇസ്റാഈലും മോചിപ്പിച്ചു.
ഇസ്റാഈൽ സന്ദർശനത്തിന് ശേഷം ട്രംപ് ഇന്ന് ഈജിപ്തിലേക്ക് തിരിക്കും. അവിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസിയോടൊപ്പം ഗസ്സയുടെയും വിശാലമായ മധ്യപൂർവേഷ്യയുടെയും ഭാവിയെക്കുറിച്ച് 20-ൽ അധികം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.