Connect with us

Education

അല്‍ അസ്ഹര്‍ ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് ട്രെയിനിങ്: മര്‍കസ് സംഘം ഈജിപ്തിലെത്തി

ജാമിഅ മര്‍കസും അല്‍ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിത സംഘത്തിന് കോഴ്സിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുന്നത്

Published

|

Last Updated

അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയുടെ ലീഡര്‍ഷിപ്പ് ട്രെയിനിങിന് പുറപ്പെടുന്ന ജാമിഅ മര്‍കസ് സംഘത്തിന് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കുന്നു.

കോഴിക്കോട് | ഈജിപ്തിലെ അല്‍ അസ്ഹര്‍ അക്കാദമി ഓഫ് ട്രെയിനിങ് സംഘടിപ്പിക്കുന്ന സ്‌കോളേഴ്‌സ് ലീഡര്‍ഷിപ്പ് ട്രെയിനിങ് കോഴ്സില്‍ സംബന്ധിക്കുന്ന മര്‍കസ് പണ്ഡിത സംഘം കൈറോയിലെത്തി. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന കോഴ്സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നല്‍കുക. ഇസ്ലാമിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മധ്യമ നിലപാടിന്റെ പ്രസക്തിയും സമൂഹത്തെ സാഹോദര്യത്തോടെയും സൗഹാര്‍ദ്ദത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പ്രാധാന്യവും തീവ്ര-വികല ചിന്തകളെ സമീപിക്കേണ്ട രീതിശാസ്ത്രവും ആധുനിക സാമ്പത്തിക ശാസ്ത്രവുമൊക്കെയാണ് കോഴ്സിലെ പാഠ്യവിഷയങ്ങള്‍.

ജാമിഅ മര്‍കസും അല്‍ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിത സംഘത്തിന് കോഴ്സിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുന്നത്. 1993 ലാണ് ഈ കോഴ്സിലേക്കുള്ള ആദ്യസംഘം ജാമിഅ മര്‍കസിന് കീഴില്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നത്. കേരളവും ഈജിപ്തും തമ്മിലുള്ള വൈജ്ഞാനിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊന്നാനിയിലെ മഖ്ദൂമാര്‍ ആഴത്തിലുള്ള മതപഠനം നടത്തിയത് ഈജിപ്തില്‍ ലോകപ്രശസ്ത പണ്ഡിതര്‍ക്ക് കീഴിലായിരുന്നു.

കേരളത്തില്‍ ശാഫിഈ കര്‍മസരണിക്ക് വേരോട്ടം ലഭിക്കുന്നതും ഇതിലൂടെയാണ്. അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ ആരംഭത്തോടെ ഈ വൈജ്ഞാനിക ബന്ധത്തിന് കൂടുതല്‍ തിളക്കം ലഭിച്ചു. ശൈഖ് ഉമര്‍ കാമിലിന്റെ നേതൃത്വത്തില്‍ സാധ്യമായ ജാമിഅ മര്‍കസുമായുള്ള അക്കാദമിക വിനിമയ കരാറിനെ തുടര്‍ന്ന് വിദ്യാര്‍ഥി കൈമാറ്റങ്ങളും സെമിനാറുകളും സമ്മേളനങ്ങളും സംയുക്തമായി സംഘടിപ്പിച്ചുവരുന്നു. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന മികച്ച നയതന്ത്രബന്ധം വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും കരാറുകള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നല്‍കുന്ന സംഘത്തിന് കഴിഞ്ഞ ദിവസം മര്‍കസില്‍ നടന്ന ചടങ്ങില്‍ ജാമിഅ ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി യാത്രയയപ്പുനല്‍കി. ഗവേഷണ സ്വഭാവത്തോടെ അറിവിനെ സമീപിക്കാന്‍ തയ്യാറാവണമെന്നും ആഴത്തിലുള്ള വിജ്ഞാന സമ്പാദനം വ്യക്തിത്വത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആശംസകള്‍ നേര്‍ന്നു. അക്ബര്‍ ബാദുഷ സഖാഫി, സുഹൈല്‍ അസ്ഹരി സംസാരിച്ചു. ഹസന്‍ സഖാഫി തറയിട്ടാല്‍, മൂസ സഖാഫി പെരുവയല്‍, ശമീര്‍ അഹ്സനി പാപ്പിനിപ്പാറ, സഅദ് സഖാഫി കൂട്ടാവില്‍, ഇസ്മാഈല്‍ സഖാഫി നെരോത്ത്, ജാബിര്‍ സഖാഫി ഓമശ്ശേരി, ടി സി മുഹമ്മദ് സഖാഫി ആക്കോട്, മുഹമ്മദ് മുബാരിസ് സഖാഫി വളാഞ്ചേരി, മുഹമ്മദ് അന്‍സാര്‍ സഖാഫി മംഗലാപുരം, സിദ്ദീഖ് ഖാദിരി പൊന്നാട് എന്നിവരാണ് സംഘത്തിലുള്ളത്.

 

Latest