National
ജമ്മുവിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചു, നദികൾ കരകവിഞ്ഞൊഴുകുന്നു
താവി, രവി തുടങ്ങിയ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിലൂടെയാണ് ഒഴുകുന്നത്.

ജമ്മു | ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഇതേത്തുടർന്ന് പല റോഡുകളും അടച്ചു.
കനത്ത മഴയിൽ ജമ്മു ഡിവിഷനിലെ നദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താവി, രവി തുടങ്ങിയ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിലൂടെയാണ് ഒഴുകുന്നത്. ജമ്മു നഗരത്തിൽ താവി നദി അപകടനിലയോട് അടുക്കുകയാണ്. കത്വ ജില്ലയിൽ രവി നദി പലയിടങ്ങളിലും കരകവിഞ്ഞ് ബഗ്താലി, മസോസ് പുർ, കീരിയൻ ഗാന്ധിയാൽ, ബർണി, ധന്ന, ധനോർ, കര്യാലി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദികളുടെയും തോടുകളുടെയും സമീപത്ത് നിന്ന് മാറിനിൽക്കാനും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുവിൽ 81.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കത്വയിൽ 155.6 മില്ലിമീറ്ററും ബധേർവായിൽ 99.8 മില്ലിമീറ്ററും മഴ ലഭിച്ചു. ജമ്മു ഡിവിഷനിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.