Connect with us

Education

സ്കൂളുകളിൽ മൊബൈലുകൾക്ക് വേണ്ടി കുട്ടികളുടെ ദേഹപരിശോധന നടത്തുന്നത് പ്രാകൃതമെന്ന് ബാലാവകാശ കമ്മീഷൻ

രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ, സ്‌കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂൾ അധികൃതർ ഏർപ്പെടുത്തേണ്ടതാണെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. 

Published

|

Last Updated

തിരുവനന്തപുരം | കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാൻ സ്‌കൂളുകളിൽ കുട്ടികളുടെ  ദേഹ, ബാഗ് പരിശോധനകൾ നടത്തുന്നത് പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള പരിശോധനകൾ കർശനമായി ഒഴിവാക്കേണ്ടതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും കുട്ടികൾ മൊബൈൽ കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യമുണ്ടാകാറുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.

രക്ഷിതാക്കൾക്ക് പല കാരണങ്ങളാൽ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്തുവിടേണ്ട സാഹചര്യവും നിലവിലുളളതിനാൽ, കുട്ടികൾ സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരേണ്ട സന്ദർഭമുണ്ടായാൽ, ഫോൺ ഉപയോഗിക്കാതെ, ഓഫാക്കി സൂക്ഷിക്കുന്നതിനുളള സൗകര്യം സ്‌കൂളധികൃതർ ഏർപ്പെടുത്തേണ്ടതാണെന്നും കമ്മീഷൻ വിലയിരുത്തി. സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും മറ്റ് ചില പ്രത്യേക ആവശ്യങ്ങൾക്കായി, രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾ, സ്‌കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂൾ അധികൃതർ ഏർപ്പെടുത്തേണ്ടതാണെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

വടകര പുതുപ്പണം ജെ എൻ എം ജി എച്ച് എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ഫിഡൽ എസ് ഷാജിയുടെ അച്ഛന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഫിഡൽ എസ് ഷാജി എന്ന കുട്ടിയെ നാഷണൽ സർവീസ് സ്‌കീമിൽ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 29ന് കുട്ടിയുടെ അമ്മയുടെ ഫോണിൽ ക്ലാസ് ടീച്ചർ പി ഡി എഫ് അയച്ചുവെന്നും, പരാതിക്കാരൻ തന്റെ ഭാര്യയെ ചികിത്സയ്ക്ക് കൊണ്ടുപോയതിനാൽ ഫോൺ മകന്റെ കൈയ്യിൽ കൊടുത്ത് പി ഡി എഫിന്റെ പ്രിന്റൗട്ട് എടുക്കാൻ ആവശ്യപ്പെട്ടുവെന്നും സ്‌കൂളിലെ ഏതോ കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ കുട്ടിയുടെ ബാഗ് പരിശോധിച്ചു ഫോൺ കാണുകയും, പ്രിൻസിപ്പൽ ഫോൺ കൈവശം വെയ്ക്കുകയും ചെയ്തുവെന്നുമാണ് പരാതി.

Latest