From the print
ചേലോടെ ചെൽസി
ലോസ് ആഞ്ചലസ് എഫ് സിക്കെതിരെ ചെൽസിക്ക് ജയം • സ്കോർ: 2-0

അറ്റ്്‌ലാന്റ | ഫിഫ ക്ലബ് ലോകകപ്പിൽ വിജയത്തോടെ അരങ്ങേറി ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലോസ് ആഞ്ചലസ് എഫ് സിയെയാണ് നീലപ്പട കീഴടക്കിയത്. 19ാം മിനുട്ടിൽ പെഡ്രോ നെറ്റോയിലൂടെയാണ് ചെൽസി ലീഡെടുത്തത്. നികോളാസ് ജാക്‌സൺ ആയിരുന്നു അസ്സിസ്റ്റ്. 79ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് ലീഡുയർത്തി. അരങ്ങേറ്റക്കാരൻ ലിയാം ഡെലപിന്റെ ക്രോസ്സിൽ നിന്നായിരുന്നു ഗോൾ. സീസണിൽ എൻസോയുടെ ഒമ്പതാം ഗോളായിരുന്നു ഇത്. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ അംഗങ്ങളായിരുന്ന ഒലിവർ ജിറൂദും ഹ്യൂഗോ ലോറിസും ഉൾപ്പെടുന്ന ലോസ് ആഞ്ചലസ് ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോക്കെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. 21ന് പുലർച്ചെ ലോസ് ആഞ്ചലസ്, ഇ എസ് തുനിസിനെ നേരിടും.
മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയും അർജന്റീനയിൽ നിന്നുള്ള ബൊക്ക ജൂനിയേഴ്‌സും രണ്ട് വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അർജന്റീന താരങ്ങളായ എയ്ഞ്ചൽ ഡി മരിയയുടെയും (45+3- പെനാൽറ്റി) നിക്കോളാസ് ഒട്ടാമെൻഡിയുടെയും (84) ഗോളിലാണ് ബെൻഫിക്ക സമനില പിടിച്ചത്.
ബൊക്ക ജൂനിയേഴ്‌സിനായി മിഗ്വേൽ മെറെന്റിയൽ (21), റോഡ്രിഗോ ബറ്റാഗ്ലിയ (27) എന്നിവർ ലക്ഷ്യം കണ്ടു. ബെൻഫിക്കയുടെ ആൻഡ്രിയ ബെലോട്ടി (72), ബൊക്ക ജൂനിയേഴ്‌സിന്റെ ആൻഡർ ഹെരേര (45), ജോർജ് ഫിഗൽ (88) എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മറ്റൊരു മത്സരത്തിൽ ഫ്ലെമെംഗോ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് ഇ എസ് തുനിസിനെ പരാജയപ്പെടുത്തി.
കാണികളെവിടെ?
ചെൽസി- ലോസ് ആഞ്ചലസ് മത്സരം കാണാൻ വളരെ കുറച്ചു കാണികളേ എത്തിയുള്ളൂ എന്നത് സംഘാടകരിൽ നിരാശ പടർത്തി. 71,000 കാണികളെ ഉൾക്കൊള്ളുന്ന മേഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 22,137 പേർ മാത്രമാണ് കളി കണ്ടത്. മത്സരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായതും കാണികളെ അകറ്റാനിടയാക്കി. 26,000 പേരെയെങ്കിലും ഫിഫ പ്രതീക്ഷിച്ചിരുന്നുവെന്നാണ് റിപോർട്ട്. അടുത്ത വർഷം യു എസ് എ, കാനഡ, മെക്‌സിക്കോ എന്നിവടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഡ്രസ്സ് റിഹേഴ്‌സലായാണ് ക്ലബ് ലോകകപ്പിനെ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കാണികളുടെ പങ്കാളിത്തക്കുറവ് ചർച്ചയാകുന്നുണ്ട്.
രണ്ട് വർഷം മുമ്പ് ചെൽസി ഈ സ്റ്റേഡിയത്തിൽ കളിച്ചിരുന്നു. പ്രീമിയർ ലീഗ് സമ്മർ സീരീസ് എന്ന് പേരിട്ടിരുന്ന ന്യൂകാസിലിനെതിരായ മത്സരം കാണാൻ ഏഴുപതിനായിരത്തോളം പേരാണ് അന്ന് എത്തിയത്.
എം എൽ എസിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്‌ബോൾ ക്ലബായ അറ്റ്്‌ലാന്റ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തിൽ അവരുടെ ഓരോ മത്സരങ്ങൾക്കും ശരാശരി 44,037 പേരെത്താറുണ്ട്.