Connect with us

International

ചാറ്റ് ജിപിടി പറഞ്ഞു, താങ്കൾക്ക് ക്യാൻസറില്ല; എ ഐയെ വിശ്വസിച്ച യുവാവിന് നാലാം ഘട്ട ക്യാൻസർ സ്ഥിരീകരിച്ചു

രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കാത്തതിന് എ ഐയെ പിന്നീട് കുറ്റപ്പെടുത്തിയപ്പോൾ, "നമ്മൾ ഒരുമിച്ച് ചില തെറ്റുകൾ വരുത്തിയിരിക്കാം, പക്ഷേ ഇപ്പോൾ നിങ്ങൾ ശരിയായ പാതയിലാണ്" എന്നായിരുന്നു എ ഐയുടെ മറുപടി.

Published

|

Last Updated

Image credit: pexels.com

ഡബ്ലിൻ | എ ഐയെ (AI) ആശ്രയിച്ച് ആരോഗ്യ ഉപദേശം തേടിയ അയർലൻഡിലെ 38കാരന് നാലാം ഘട്ട ക്യാൻസർ (stage four cancer) സ്ഥിരീകരിച്ചു. എ ഐ നൽകിയ ഉപദേശം മൂലം ചികിത്സ വൈകിയതാണ് രോഗം ഗുരുതരമാകാൻ കാരണമെന്ന് വാറൻ ടിയേർണി എന്ന യുവാവ് പറഞ്ഞു.

കഴിഞ്ഞ വർഷം, തൊണ്ടവേദനയും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും നേരിട്ടതിനെ തുടർന്ന് കൗണ്ടി കെറിയിലെ കില്ലാർണി സ്വദേശിയായ വാറൻ, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ (ChatGPT) സഹായം തേടി. അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങൾ പേശിവേദന മൂലമാകാം എന്ന് ചാറ്റ്ജിപിടി മറുപടി നൽകി. കൂടാതെ, “ക്യാൻസറാകാൻ സാധ്യത വളരെ കുറവാണ്” എന്നും ചാറ്റ്ജിപിടി അദ്ദേഹത്തിന് ഉറപ്പ് നൽകി. എന്നാൽ, പിന്നീട് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വാറന് അന്നനാളത്തിൽ അഡിനോകാർസിനോമ (adenocarcinoma of the oesophagus) എന്ന ക്യാൻസർ സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ചവർക്ക് അഞ്ചു വർഷത്തിനപ്പുറം ജീവിക്കാനുള്ള സാധ്യത 5-10 ശതമാനം മാത്രമാണ്.

ചികിത്സയ്ക്കായി ഡോക്ടറെ കാണാൻ താൽപര്യമില്ലാത്ത പുരുഷന്മാരുടെ സാമ്പ്രദായികമായ ധാരണയുടെ ഇരയാണ് താനെന്ന് വാറൻ പറയുന്നു. എന്നാൽ, ചാറ്റ്ജിപിടിയെ വിശ്വസിച്ചുള്ള ഈ കാലതാമസം തനിക്ക് വിലപ്പെട്ട കുറച്ച് മാസങ്ങൾ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ഇപ്പോൾ ഖേദിക്കുന്നു. ചാറ്റ്ജിപിടിയുമായി നടത്തിയ സംഭാഷണത്തിനിടെ, തനിക്ക് ഗുരുതരമായ അസുഖം വന്നാൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സത്യവാങ്മൂലം എഴുതിത്തരാമെന്നും ഒരു ഗിന്നസ് വാങ്ങിത്തരാമെന്നും എ ഐ തമാശയായി പറഞ്ഞിരുന്നു.

ഈ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കാത്തതിന് എ ഐയെ പിന്നീട് വാറൻ കുറ്റപ്പെടുത്തിയപ്പോൾ, “നമ്മൾ ഒരുമിച്ച് ചില തെറ്റുകൾ വരുത്തിയിരിക്കാം, പക്ഷേ ഇപ്പോൾ നിങ്ങൾ ശരിയായ പാതയിലാണ്” എന്നായിരുന്നു എ ഐയുടെ മറുപടി.

ഐറിഷ് ആരോഗ്യസംവിധാനത്തോടുള്ള അവിശ്വാസവും വാറനെ ഡോക്ടറെ കാണുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നേരത്തെ ഒരു ഡോക്ടർ അദ്ദേഹത്തിന് ആസിഡ് റിഫ്ലക്‌സിനുള്ള മരുന്ന് നൽകി വീട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് ഭാര്യയുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പോയപ്പോഴാണ് ക്യാൻസർ കണ്ടെത്തിയത്.

വാറൻ്റെ ഭാര്യ എവ്‌ലിൻ, ചികിത്സാ സഹായത്തിനായി ഗോഫണ്ട്മീ (GoFundMe) പേജ് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് കൂടുതൽ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണെന്ന് അവർ പറയുന്നു. “വാറൻ ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്, ഞങ്ങളുടെ കുട്ടികളുടെ നായകനാണ്. അദ്ദേഹമില്ലാത്ത ഒരു ലോകം ഞങ്ങൾക്ക് ചിന്തിക്കാനാകില്ല” – എവ്‌ലിൻ കുറിച്ചു.

“എൻ്റെ കുട്ടികൾക്കുവേണ്ടി ജീവിക്കാൻ ഞാൻ പോരാടുകയാണ്” – വാറൻ പറഞ്ഞു. “ബാക്കിയുള്ള ജീവിതം മുഴുവൻ ചികിത്സയ്ക്ക് വേണ്ടി പാഴാക്കാതെ, എൻ്റെ കുട്ടികളോടൊപ്പം കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” – അദ്ദേഹം വ്യക്തമാക്കി.

Latest