Connect with us

Editors Pick

ഉപ്പിന് പകരം എന്ത് ഉപയോഗിക്കുമെന്ന് ചാറ്റ് ജിപിടിയോട് ചോദ്യം; സോഡിയം ബ്രോമൈഡ് ഉപയോഗിക്കാൻ നിർദേശം; യുവാവ് അത്യാസന്ന നിലയിൽ

ഉപ്പിന്റെ (ടേബിൾ സാൾട്ട്) ദോഷങ്ങളെക്കുറിച്ച് ആശങ്കാകുലനായ ഇയാൾ അതിന് പകരമായി ഉപയോഗിക്കാനുള്ള വസ്തുക്കൾ നിർദ്ദേശിക്കാൻ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടുകയായിരുന്നു

Published

|

Last Updated

ന്യൂഡൽഹി | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടി നൽകിയ ഭക്ഷണ നിർദ്ദേശം പിന്തുടർന്ന യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഉപ്പിന് പകരം ഉപയോഗിക്കാനായി ചാറ്റ്ജിപിടി നിർദ്ദേശിച്ച സോഡിയം ബ്രോമൈഡ് എന്ന വിഷവസ്തു ഉപയോഗിച്ചതാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാൻ കാരണം. അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ: ക്ലിനിക്കൽ കേസസ് എന്ന മെഡിക്കൽ ജേണലിലാണ് യുവാവിന്റെ അനുഭവം പ്രസിദ്ധീകരിച്ചത്.

മൂന്ന് മാസത്തെ സോഡിയം ബ്രോമൈഡ് ഉപയോഗം

ഉപ്പിന്റെ (ടേബിൾ സാൾട്ട്) ദോഷങ്ങളെക്കുറിച്ച് ആശങ്കാകുലനായ ഇയാൾ അതിന് പകരമായി ഉപയോഗിക്കാനുള്ള വസ്തുക്കൾ നിർദ്ദേശിക്കാൻ ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. സോഡിയം ക്ലോറൈഡിന് പകരം സോഡിയം ബ്രോമൈഡ് സുരക്ഷിതമായ ബദലാണെന്ന് ചാറ്റ്ജിപിടി മറുപടി നൽകി. തുടർന്ന്, മറ്റ് വൈദ്യോപദേശങ്ങളൊന്നും തേടാതെ ഇയാൾ മൂന്ന് മാസത്തോളം സോഡിയം ബ്രോമൈഡ് ഉപയോഗിക്കുകയായിരുന്നു.

കാലങ്ങളായി, ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും ചികിത്സിക്കാൻ ബ്രോമൈഡ് സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ പാർശ്വഫലങ്ങൾ കാരണം പിന്നീട് ഇവയുടെ ഉപയോഗം നിർത്തലാക്കി. ഇന്ന് മൃഗങ്ങൾക്കുള്ള മരുന്നുകളിലും ചില വ്യാവസായിക ഉൽപ്പന്നങ്ങളിലുമാണ് ബ്രോമൈഡ് കൂടുതലായി ഉപയോഗിക്കുന്നത്.

മൂന്നാഴ്ചത്തെ ആശുപത്രിവാസം

സോഡിയം ബ്രോമൈഡിന്റെ ഉപയോഗം കാരണം ഇദ്ദേഹത്തിന് ആശയക്കുഴപ്പവും സംശയരോഗവും ഉൾപ്പെടെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടായി. തന്നെ അയൽവാസി വിഷം നൽകി കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന് ഇയാൾ വിശ്വസിച്ചു. പിന്നീട്, ദാഹമുണ്ടായിട്ടും വെള്ളം കുടിക്കാൻ പോലും വിസമ്മതിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ഡോക്ടർമാർ ഇൻട്രാവീനസ് ഫ്ലൂയിഡുകളും മനോരോഗത്തിനുള്ള മരുന്നുകളും നൽകി. ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് താൻ ചാറ്റ്ജിപിടിയുടെ നിർദ്ദേശം പിന്തുടർന്ന് സോഡിയം ബ്രോമൈഡ് ഉപയോഗിച്ച കാര്യം ഇദ്ദേഹം വെളിപ്പെടുത്തിയത്.

Latest