Cover Story
ചന്ദിര ത്വാഹാവർക്കുൾ...
ഈ കഥയിലെ സ്നേഹത്തിന്റെ ദാതാക്കൾ ലക്ഷദ്വീപിലെ മനുഷ്യരാണ്. ജസരി ഭാഷ സംസാരിക്കുന്ന കവരത്തി, ആന്ത്രോത്ത്, അമിനി തുടങ്ങി എട്ടോളം ദ്വീപുകളിലേക്ക് കണ്ണുകൾ നട്ട് നോക്കൂ. കേരളീയ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ വരവേൽപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. കേട്ടുകേൾവിയില്ലാത്ത വിധം വ്യത്യസ്തമായ പരമ്പരാഗത ശൈലിയിലാണ് ഇവിടുത്തെ ആഘോഷങ്ങൾ പിറവികൊള്ളുന്നത്.

ഇതൊരു കഥ പറച്ചിലാണ്. ഈ കഥക്ക് സുഗന്ധമുണ്ട്. പൂമൊട്ട് വിരിഞ്ഞ മണമാണ് ഈ കഥകൾക്കെല്ലാം. ഒരു നാട് ഒന്നടങ്കം സുഗന്ധം നെഞ്ചോട് ചേർത്തുവെച്ച കഥ. ആ സ്നേഹത്തിന്റെ സൗരഭ്യമാണ് വള്ളിപ്പടർപ്പുകളായി പന്തലിച്ചുനിന്നത്. വളർന്നതൊക്കെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നാമ്പുകളായിരുന്നു. ആർക്കാണിവർ സ്നേഹം പകുത്തു നൽകിക്കൊണ്ടിരിക്കുന്നത്; ഉത്തരമുണ്ട്, അവരെയിന്ന് ലക്ഷോപലക്ഷം മനുഷ്യർ കീർത്തന കാവ്യങ്ങൾ കൊണ്ട് മേലാപ്പിടുന്നുണ്ട്; പുകഴ്ത്തിപ്പാടുന്നുണ്ട്. സ്നേഹത്തിന്റെ നിർവചനം മുത്ത് നബി (സ) യാണത്. ഈ കഥയിലെ സ്നേഹത്തിന്റെ ദാതാക്കൾ ലക്ഷദ്വീപിലെ മനുഷ്യരാണ്. ജസരി ഭാഷ സംസാരിക്കുന്ന കവരത്തി, ആന്ത്രോത്ത്, അമിനി തുടങ്ങി എട്ടോളം ദ്വീപുകളിലേക്ക് കണ്ണുകൾ നട്ട് നോക്കൂ. കേരളീയ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കണ്ണിന് കുളിർമയേകുന്ന വരവേൽപ്പുകളും ആഘോഷങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. കേട്ടുകേൾവിയില്ലാത്ത വിധം വ്യത്യസ്തമായ പരമ്പരാഗത ശൈലിയിലാണ് ഇവിടുത്തെ ആഘോഷങ്ങൾ പിറവി കൊള്ളുന്നത്. റബീഉൽ അവ്വലിനെ വരവേൽക്കാൻ മാസങ്ങൾക്ക് മുമ്പേ ചർച്ചകൾക്ക് തുടക്കം കുറിക്കും. സ്വഫർ ആദ്യവാരത്തിൽ തുടങ്ങി ആഘോഷങ്ങൾ അലതല്ലും. മുത്തായ തങ്ങളുടെ ജന്മദിനമാഘോഷിക്കുന്നതിൽ ദ്വീപ സമൂഹം ആവേശപൂർവം മുന്നിട്ടുനിൽക്കുന്നു. കേരളത്തെ അപേക്ഷിച്ചു നോക്കുമ്പോൾ പരിമിതമായ സ്ഥലങ്ങളും ചുറ്റുപാടുകളുമാണ് ദ്വീപിലുള്ളത്. അത്രയും കുടുസ്സായ വീഥികളുള്ള സ്ഥലത്താണ് മനം കവരുന്ന ആഘോഷങ്ങളുള്ളതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇരുളിന്റെ ഉച്ചിയിൽ ആഘോഷം
” CULTURAL CAPITAL OF LAKSHADWEEP’ എന്നാണ് ആന്ത്രോത്തിനെ വിശേഷിക്കുന്നത്. മറ്റു ഒട്ടുമിക്ക ദ്വീപുകളിലും റബീഇനെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഒത്തിരിയേറെ വിപുലമായ വരവേൽപ്പൊരുക്കുന്നത് ആന്ത്രോത്ത് ദ്വീപുകാരാണ്. ഹസ്രത് ഉബൈദുല്ലാഹ് തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിന്റെ സവിശേഷതയാണിതിന്റെ കാരണമെന്ന് വായിക്കാം. ഒപ്പം വിശ്വാസത്തിന്റെ കണികകൾ നിലച്ചു പോകാത്ത ഒരു ജനതയുടെ നന്മകളുടെ പ്രതിഫലനവും. റബീഉൽ അവ്വൽ ഒന്ന് മുതൽ തുടങ്ങി റബീഉൽ ആഖിർ പത്ത് വരെ നീണ്ടുനിൽക്കുന്ന നാൽപ്പത് ദിവസങ്ങളാണ് ദ്വീപുകാരുടെ പ്രധാന ആഘോഷങ്ങളായി കണക്കാക്കപ്പെടുന്നത്. വലിയ മൗലിദെന്ന പേരിൽ അറിയപ്പെടുന്ന ശറഫുൽ അനാം മൗലിദാണ് ഓരോ ദിവസവും പാരായണം ചെയ്യുക. വരവേൽപ്പിന്റെ ആദ്യ ഒരുക്കം രാത്രിയുടെ നിശബ്ദതയിൽ വീട് വീടാനന്തരം റോന്ത് ചുറ്റുന്ന ജാഥയാണ്. ഉറക്കമിളച്ച് ഒരു ശകലം ക്ഷീണമില്ലാതെ ദ്വീപ് നിവാസികൾ സ്നേഹ വായ്പ്പുകൾ ചൊരിഞ്ഞ് ജാഥയിൽ പങ്കു ചേരും. അതിൽ കുട്ടികളുണ്ടാകും യുവാക്കളുണ്ടാകും എന്തിനു പോൽ പ്രായാധിക്യം കൊണ്ട് വിഷമിക്കുന്ന വയസ്സായവരുമുണ്ടാകും. പെട്രോമാക്സ് വിളക്കുകൾ തൂക്കി വരിവരിയായി നീങ്ങുന്ന മാനവരെ നോക്കി നിൽക്കുന്നത് വല്ലാത്ത നവ്യാനുഭൂതിയാണ് പകർന്നുതരുന്നത്. വഴിത്താരകളിലൂടെ കടന്നു വരുമ്പോൾ ദ്വീപസമൂഹം ചൊല്ലുന്ന കാവ്യങ്ങളാണ് യഥാർഥത്തിൽ ഈ ജാഥയുടെ ആനന്ദം. കേരളീയ പരിസരങ്ങളിൽ ഒട്ടുമിക്ക പ്രവാചകാനുരാഗ സദസ്സുകളിലും ദ്വീപിലെ സ്നേഹവരികൾ ഇടംപിടിച്ചിട്ടുണ്ട്.
“വന്നു വന്ന് ചേരുക
ബഹു നന്മ നേടുക
ചന്ദിര ത്വാഹാവർക്കുൾ
ജന്മദിനം കൊണ്ടാടുക’
“റഹ്്മത്തുല്ലിൽ ആലമീൻ നബി
ജന്മദിനത്തിന് സ്വാഗതം
നബി ജന്മദിനത്തിന് സ്വാഗതം
ലോകത്തിനാകെ റഹ്്മത്താകും
പുണ്യ പൂമാരന് സ്വാഗതം
പുണ്യ പൂമാരന് സ്വാഗതം’
ഇത്തരത്തിൽ പുണ്യദൂതർ (സ) യെ വാഴ്ത്തിപ്പാടുന്ന സ്വരതാളങ്ങൾ ആ ജാഥയിലെ സ്ഥിരം കാഴ്ചയാണ്. ആ വരികളാണ് കേരളീയ പ്രവാചക സദസ്സുകളിൽ ഈ അടുത്ത കാലത്ത് പ്രശംസ നേടിയത്. ജീലാനി സൽകുടുംബത്തിൽ പെട്ട കോമലൻ തറവാട്ടിലെ സയ്യിദ് മുഹമ്മദ് ഇഖ്ബാൽ എന്നവരാണ് കാതിന് ഇമ്പമുള്ള ഈ വരികളുടെ ശിൽപ്പിയായി അറിയപ്പെടുന്നത്.
പ്രവാചക സദസ്സുകളുടെ പ്രൗഢി മാത്രമല്ല ആന്ത്രോത്തിനെയും മറ്റു ദ്വീപുകളെയും വേർതിരിക്കുന്നത്. ദ്വീപിലെ പള്ളികൾ മുഴുക്കെയും ഭരിക്കുന്നത് തറവാട്ടുകാരാണ്. ജീലാനി, ബുഖാരി, ഹൈദ്രോസ്സി കുടുംബ പരമ്പരയാണ് ദ്വീപിൽ കൂടുതലും നിലനിൽക്കുന്നത്. ഒരു വർഷത്തേക്കുള്ള പ്രവർത്തനത്തിന്റെ ഫണ്ട് സ്വരൂപണം കൂടിയാണ് ഈ റോന്ത് ചുറ്റുന്ന ജാഥകൾ. ഓരോ വീട് വീടാനന്തരം കയറിയിറങ്ങുമ്പോൾ ആ വീട്ടുകാർ ലേലത്തിനായി വിലപ്പെട്ട സാധനങ്ങൾ മുമ്പിൽ വെക്കും. തുടർന്ന് ചെറു സംഖ്യയിൽ തുടങ്ങുന്ന ലേലം വിളി വലിയ സംഖ്യയിലേക്ക് എത്തുകയും ചെയ്യും. ലേലം വിളിച്ചു കിട്ടുന്ന പണം പള്ളിയുടെ പ്രവർത്തനത്തിനായി കൊടുക്കുന്നു. വർഷാവർഷത്തിൽ നടക്കുന്ന ഏതെല്ലാം പരിപാടികളുണ്ടോ അവക്കുള്ള ചെലവുകൾ മുഴുവനും കണ്ടെത്തേണ്ടത് മുതവല്ലി സിസ്റ്റമുള്ള കുടുംബ പള്ളികൾ തന്നെയാണ്.
മധുരമൂറുന്ന കോപ്പകൾ
സ്വഫർ മാസത്തിൽ തുടങ്ങി റബീഉൽ അവ്വൽ അവസാനിക്കുന്നത് വരെയുള്ള തിരുകീർത്തന സദസ്സുകളിൽ പ്രത്യേകം പാകം ചെയ്ത ഭക്ഷണങ്ങളുണ്ടാകും. ഓരോ ദ്വീപുകളിലും വ്യത്യസ്തമായ രീതിയിലാണ് പാനീയം തയ്യാറാക്കുന്നത്. ആന്ത്രോത്ത് ദ്വീപിൽ ജാഥക്കാരെ സ്വീകരിക്കുന്നത് ബദാമും പാലും കൂട്ടിച്ചേർത്തുള്ള പാനീയവുമായാണ്. എന്നാൽ അമിനി ദീപിൽ ശറഫയർ പായസം (ചെറുപയർ ) നൽകിക്കൊണ്ടാണ്. പുലർച്ചെ രണ്ട് മണി മുതലാണ് ഈ പായസം തയ്യാറാക്കുന്നത്. അതേ സമയം കവരത്തി ദ്വീപിൽ ജാഥയുമായി വരുന്നവരെ സ്വീകരിക്കാൻ ശുർബുകൾ തയ്യാറാക്കലുണ്ട്. തിക്ക്ർ ജാഥ എന്നാണ് ജാഥയുമായി വരുന്ന ജനവ്യൂഹത്തിനെ വിളിക്കുക. തിക്ക്ർ എന്നാൽ ദഫ് മുട്ടുക എന്നാണ് സൂചിപ്പിക്കുന്നത്. ഓരോ ദ്വീപുകളിലും ഓരോ രുചിയും വിഭവങ്ങളുമാണ് തയ്യാറാക്കുന്നതെന്ന് ചുരുക്കം. പകലന്തിയോളം റോന്ത് ചുറ്റുന്ന ജനസാഗരം ഏവരെയും ആവേശം കൊള്ളിക്കുന്നതാണ്. റബീഉമായി ബന്ധപ്പെട്ടു നടത്തുന്ന ഓരോ സത്പ്രവൃത്തികളും ലക്ഷദ്വീപുകാരുടെ പുണ്യ നബി (സ) യോടുള്ള സ്നേഹത്തിന്റെ ശീലുകളാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
കടമത്ത് ദ്വീപിൽ മീലാദുന്നബി രാവിൽ എട്ട് മണി മുതൽ പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന പ്രകീർത്തന സദസ്സൊരുക്കും. ശറഫുൽ അനാം മൗലിദായിരിക്കും പാരായണം ചെയ്യുക. സുബ്ഹി നിസ്കാരം കഴിഞ്ഞാൽ വാഹന ജാഥയാണ്. പിന്നീട് നടക്കുന്ന വലിയ റാലിയുടെ വിളംബരം കൂടിയാണിത്. റാലിക്ക് മുന്നോടിയായി നാട്ടിലെ ഖാളിയെ വീട്ടിൽ നിന്ന് ആനയിച്ചു കൊണ്ടുവരും. പരമ്പരാഗതമായ ദഫിന്റെ അകമ്പടിയോടെയാണ് സ്വീകരിക്കുക. നാട്ടുകാർ കഴിഞ്ഞ ഒരു വർഷക്കാലം മുത്ത് നബി (സ)യുടെ പേരിൽ നേർച്ചയാക്കിയ തുക കൊടിമരത്തിന്റെ താഴെ പ്രത്യേകമായി വിരിച്ച മുസ്വല്ലയിൽ നിക്ഷേപിക്കും. അതിനുശേഷമാണ് വലിയ റാലിക്ക് തുടക്കം കുറിക്കുക. ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയിൽ മുത്ത് നബി(സ)യുടെ മദ്ഹുകൾ ആവേശത്തോടെ പാടും. അന്ന് ഒരു വീട്ടിലും ഭക്ഷണം പാകം ചെയ്യലുണ്ടാകില്ല. പുരുഷന്മാർ തളികയിലാക്കി നാലുപേരടങ്ങുന്ന ഒരു സംഘം വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കും.
നാട്ടുവഴികളിൽ ചെറിയ കുട്ടികൾ പാത്രങ്ങളും പിടിച്ചു കാത്തു നിൽക്കുന്നുണ്ടാകും. സ്ത്രീകൾക്കുള്ള ഭക്ഷണം വാഹനത്തിലാണ് വിതരണം ചെയ്യുക. അമിനി ദ്വീപിൽ നേർച്ച പൈസ വാങ്ങാൻ ബുർദ ചൊല്ലി വീടുകളിലേക്ക് വരുന്നൊരു സംഘം തന്നെയുണ്ട്. എന്നാൽ ആന്ത്രോത്ത് ദ്വീപിൽ റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് വലിയ പരിപാടികൾ അരങ്ങേറുക. മീലാദുന്നബി രാവിന്റെ മുമ്പായി വലിയ ജാഥ സംഘടിപ്പിക്കലുണ്ട്. മഗ്‌രിബ് മുതൽ തുടങ്ങുന്ന ജാഥ പുലർച്ചയും കഴിഞ്ഞ് രാവിലെ ഒമ്പത് മണി വരെ നീണ്ടുനിൽക്കും. തുടർന്ന് എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിച്ചു പിരിയും. പിന്നെയുള്ള നടത്തം സ്റ്റേജ് പരിപാടിക്കായുള്ള ഒരുക്കങ്ങൾ നടത്താനായിരിക്കും. തിരുപ്പിറവിയുമായി ബന്ധപ്പെട്ട് ചില ദ്വീപുകളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന രാത്രി പ്രഭാഷണങ്ങളാണ് മറ്റൊരു വിശേഷം. സമാപന ദിവസം പ്രഭാഷകനെ ഒരു വീട്ടിൽ നിന്ന് സമ്മാനങ്ങൾ നൽകി സദസ്സിലേക്ക് കൊണ്ടുവരും. റബീഇന്റെ അവസാന ദിവസങ്ങളിൽ പുണ്യമാസത്തെ യാത്രയാക്കുന്ന രീതി ചില ദ്വീപുകളിലുണ്ട്. മുത്ത് നബി(സ)യോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ പ്രതിഫലനങ്ങളാണ് ഒരു നാടൊന്നാകെ റബീഉൽ അവ്വൽ മാസത്തിൽ അടയാളപ്പെടുത്തുന്നത്.
.