Uae
വിമാനത്താവള പാര്‍ക്കിങില്‍ കാറില്‍ തീപിടിത്തം
അധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ട് തീയണച്ചു. പാര്‍ക്കിങിലുണ്ടായിരുന്ന മറ്റ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ദുബൈ | വിമാനത്താവളത്തിനു സമീപം പാര്‍ക്കു ചെയ്ത കാറിന് തീപിടിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിന് സമീപമാണ് അപകടം. ടെര്‍മിനല്‍ ഒന്നിന്റെ ആഗമന പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു എസ് യു വിക്കാണ് തീപിടിച്ചത്. അധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ട് തീയണച്ചു. വിമാനത്താവള ജീവനക്കാര്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. പാര്‍ക്കിങിലുണ്ടായിരുന്ന മറ്റ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഗ്രൗണ്ട് ലെവലിലെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. കാറിനുള്ളില്‍ ആരും ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.
എന്‍ജിന്‍ ഓയില്‍, ഹൈഡ്രോളിക് ഓയില്‍, ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ പോലുള്ള കത്തുന്ന ദ്രാവകത്തിന്റെ ചോര്‍ച്ച എന്നിവയാണ് ഇത്തരത്തിലുള്ള വാഹന തീപിടിത്തത്തിന് സാധാരണ കാരണങ്ങള്‍.
വാഹനങ്ങളുടെ ഷോര്‍ട്ട് സര്‍ക്യൂട്ടുകളും ബാറ്ററിയുടെ കേടുപാടുകളും ഉള്‍പ്പെടെയുള്ള വൈദ്യുത തകരാറുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
മെക്കാനിക്കല്‍ തകരാര്‍, അനുചിതമായി ഇന്‍സ്റ്റാള്‍ ചെയ്ത ഉപകരണം, വാഹനത്തിനുള്ളില്‍ കത്തുന്ന വസ്തുക്കള്‍, തേഞ്ഞുപോയ വാട്ടര്‍ പമ്പ് അല്ലെങ്കില്‍ കൂളിംഗ് ഫാന്‍ മൂലമുണ്ടാകുന്ന അമിത ചൂടാകല്‍ എന്നിവ പ്രശ്നങ്ങളാണ്.




