local body election 2025
വിമത സ്ഥാനാർഥിക്കായി പ്രചാരണം; കൊടിയത്തൂർ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു
പുതിയ കമ്മിറ്റി രൂപവത്കരിച്ചു
മുക്കം | യു ഡി എഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന ആൾക്കായി പ്രചാരണം നടത്തിയ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് കമ്മിറ്റിയാണ് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ നിർദേശ പ്രകാരം പിരിച്ചുവിട്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് എം സിറാജുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പറോഡ് എന്നിവർ അറിയിച്ചു. വാർഡിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
യു ഡി എഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന് നൽകിയ 12ാം വാർഡിൽ എസ് എ നാസറാണ് ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ നാസറിനെതിരെ മുഹമ്മദ് ബശീർ കുന്താണിക്കാവ് എന്നയാൾ വിമതനായി മത്സര രംഗത്തിറങ്ങുകയായിരുന്നു. ബശീറിനായി പ്രചാരണ രംഗത്ത് സജീവമായ വാർഡ് പ്രസിഡന്റ് ശറഫലിയെ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിക്ക് ശേഷവും വാർഡ് ഭാരവാഹികൾ ബശീറിനായി പ്രചാരണ രംഗത്ത് സജീവമായ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ മാറ്റി വാർഡ് കമ്മിറ്റി പിരിച്ചു വിട്ടത്.
കണ്ണൻ ചെറുവാടിയാണ് പുതിയ വാർഡ് പ്രസിഡന്റ്. കെ കെ മുഹമ്മദ് നവാസ് ജനറൽ സെക്രട്ടറിയും മുഹമ്മദ് പാതിയേടത്ത് ട്രഷററുമാണ്. ടി സക്കീറാണ് പുതിയ വാർഡ് യു ഡി എഫ് ചെയർമാൻ. എം പി ചന്ദ്രൻ, എം ടി റംല എന്നിവർ വൈസ് പ്രസിഡന്റുമാരും എം പി സരോജിനി, ശോഭന, ടി സക്കീർ, ശിഹാബ് പുളിക്കൽ എന്നിവർ സെക്രട്ടറിമാരുമാണ്.



