Kasargod
സഊദിയില്‍ വെടിയേറ്റു മരിച്ച ഐ സി എഫ് പ്രവര്‍ത്തകന്‍ ബഷീറിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു
നിസ്‌കാരത്തിനു ശേഷം മയ്യിത്ത് ആംബുലന്‍സില്‍ ബഷീറിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് | സഊദി ബീഷില്‍ വെടിയേറ്റ് മരിച്ച ഐ സി എഫ് പ്രവര്‍ത്തകന്‍ ബഷീറിന്റെ മയ്യിത്ത് ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്. 8.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മയ്യിത്ത് ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫിയുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. നിസ്‌കാരത്തിനു ശേഷം മയ്യിത്ത് ആംബുലന്‍സില്‍ ബഷീറിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മയ്യിത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഈ വിമാനം റദ്ദാക്കിയതു കാരണം മയ്യിത്ത് എപ്പോള്‍ എത്തുമെന്ന വിഷയത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല. കാസര്‍കോട് എം പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ഇടപെടുകയും ഹൈദരാബാദ് വഴി കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ മയ്യിത്ത് എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ മയ്യിത്ത് ഇന്ന് രാവിലെ ഏഴിന് കാസര്‍കോട് ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദില്‍ ഖബറടക്കും. ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എ ആര്‍ നഗര്‍, മക്ക ചാപ്റ്റര്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, ജാഫര്‍ താനൂര്‍, മുഹിയുദ്ധീന്‍ കുട്ടി സഖാഫി, മുജീബ് പി എം ആര്‍, അന്‍സാര്‍, ഇസ്ഹാഖ്, അബൂമിസ്ബാഹ് അയിക്കരപ്പടി, അഷ്റഫ് പേങ്ങാട്, അബ്ദുറഷീദ് നജ്റാന്‍, നിസാമി ഉസ്താദ്, ഹസന്‍ സഖാഫി തറയിട്ടാല്‍, അസ്ലം സഅദി തുടങ്ങി ഐ സി എഫ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മെയ് 31 ശനിയാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശി ഏണിയാടി കുറ്റിക്കോല്‍ ബഷീര്‍ അജ്ഞാതന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്. ബിഷ നഗിയയില്‍ ബഷീര്‍ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയില്‍ അജ്ഞാതന്‍ വാഹനത്തില്‍ എത്തിവെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തുമ്പോള്‍ ബഷീര്‍ തന്റെ വാഹനത്തിനു സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണപ്പെട്ടു. പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അല്‍ മുഈനി എന്ന സഊദി പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
15 വര്‍ഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബഷീര്‍. ബിഷ ഐ സി എഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറിയായിരുന്നു. ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: നസ്റീന്‍ ബീഗം ഉപ്പള. മക്കള്‍: മറിയം ഫിദ (9), മുഹമ്മദ് ബിലാല്‍ (7), അബ്ദുല്ല ആദില്‍(2). സഹോദരങ്ങള്‍: അബൂബക്കര്‍ കുമ്പക്കോട്, അസൈനാര്‍ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം സുലൈഖ ബെണ്ടിച്ചാല്‍, ബീ ഫാത്തിമ കോളിയടുക്കം, എം ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാല്‍.
പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനും ഐ സി എഫ് പ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് കുന്നുംപുറം, ഐ സി എഫ് നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, ഹാരിസ് പട്ല, റിയാദ് ഐ സി എഫ് സെക്രട്ടറി ഇബ്‌റാഹീം കരീം, മുജീബുറഹ്മാന്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.