First Gear
സ്വിച്ചിട്ടാല്‍ നിറം മാറുന്ന കാര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ഒരു ബട്ടണില്‍ സ്പര്‍ശിക്കുമ്പോള്‍ പുറം നിറം മാറുന്ന ലോകത്തിലെ ആദ്യത്തെ കാറാണ് ഇത്.
ന്യൂഡല്‍ഹി| ഒരു സ്വിച്ചിട്ടാല്‍ വാഹനത്തിന്റെ നിറം മാറുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. ലാസ് വേഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ സിഇഎസ് ഇവന്റിലാണ് നിറം മാറുന്ന സാങ്കേതിക വിദ്യയുള്ള പുതിയ കാര്‍ ബിഎംഡബ്ല്യു പ്രദര്‍ശിപ്പിച്ചത്. ബിഎംഡബ്ല്യു ഐഎക്‌സ് ഫ്‌ളോ എന്ന് പേരിട്ടിരിക്കുന്ന കാര്‍ നിറം മാറുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ ഇന്‍-ഹൗസ് ‘ഇ-ഇങ്ക്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാര്‍ നിറംമാറുന്നത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കളര്‍ മാറ്റാമെന്നതാണ് പ്രത്യേകത.
ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍, ബിഎംഡബ്ല്യു നിറം മാറ്റത്തിന്റെ രഹസ്യവും വെളിപ്പെടുത്തിയിട്ടുണ്ട്. ഐഎക്‌സ് ഫ്‌ളോയുടെ രൂപരേഖയ്ക്ക് അനുസൃതമായി പ്രത്യേകം വികസിപ്പിച്ചെടുത്ത ബോഡി റാപ്പിലൂടെയാണ് വര്‍ണ്ണ മാറ്റങ്ങള്‍ സാധ്യമാക്കുന്നത്. അതായത്, വൈദ്യുത സിഗ്‌നലുകള്‍ ഉപയോഗിച്ച് ഉത്തേജിപ്പിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിന്റെ പിഗ്മെന്റുകള്‍ അല്ലെങ്കില്‍ നിറങ്ങള്‍ മാറ്റാന്‍ കാറിലെ കളര്‍ ചേഞ്ചിങ് സംവിധാനം ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
നിലവില്‍ ഇലക്ട്രോഫോറെറ്റിക് അടിസ്ഥാനമാക്കിയുള്ള ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് വെള്ളയില്‍ നിന്ന് കറുപ്പിലേക്കും തിരിച്ചും മാത്രമേ മാറാന്‍ സാധിക്കൂ. നെഗറ്റീവ് ചാര്‍ജുള്ള വെളുത്ത പിഗ്മെന്റുകളും പോസിറ്റീവ് ചാര്‍ജുള്ള കറുത്ത പിഗ്മെന്റുകളും അതിനായി ഉപയോഗിക്കുന്നു. കൂടാതെ, പുതിയ ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് കാറിന്റെ വ്യക്തിഗത ബോഡി പാനലുകളുടെ നിറം മാറ്റാനും കഴിയും. അത് വാഹനത്തിന് ഒരു ഡ്യുവല്‍ ടോണ്‍ ലുക്കും നല്‍കും.
ഈ സാങ്കേതികവിദ്യകൊണ്ട് ഡ്രൈവര്‍മാര്‍ക്ക് ചൂടുള്ള പ്രദേശങ്ങളില്‍ കാറിന്റെ നിറം വെള്ളയായി സജ്ജീകരിക്കാനും എയര്‍ കണ്ടീഷനിംഗ് ഉപയോഗം കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത്, ചുറ്റുപാടില്‍ നിന്ന് കൂടുതല്‍ ചൂട് ആഗിരണം ചെയ്യാന്‍ അവര്‍ക്ക് കാര്‍ കറുപ്പ് നിറത്തിലേക്ക് മാറ്റാനും അതിലൂടെ കാര്‍ ഹീറ്റിങ് സിസ്റ്റത്തിന്റെ ആവശ്യകത കുറയ്ക്കാനും കഴിയും.
ഈ സാങ്കേതിക വിദ്യ ഒരുക്കുമ്പോള്‍, സാധാരണ ഇ റീഡറിന്റെ സ്‌ക്രീന്‍ പോലുള്ള 2ഡി രൂപത്തില്‍ നിന്നും കാറിന്റെ പുറം ഭാഗം പൂര്‍ണമായും മൂടുകയെന്ന 3ഡി വെല്ലുവിളിയായിരുന്നു പ്രധാനമെന്ന് ഇ ലിങ്ക് പ്രൊജക്ട് മേധാവിയായ സ്റ്റെല്ല ക്ലാര്‍ക്ക് പറഞ്ഞു. കാറിന്റെ ഡിസൈനിന്റെ ഓരോ ഭാഗവും പ്രത്യേകമായി മാറ്റിയെടുത്താണ് ഇവര്‍ 3ഡിയെ 2ഡി രൂപങ്ങളാക്കി മാറ്റിയത്. അതിന് ശേഷം ബഹുകോണ്‍ ആകൃതിയിലുള്ള രൂപകല്‍പന ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ഈ രൂപങ്ങളില്‍ പ്രായോഗികമാക്കാമെന്ന് അല്‍ഗോരിതത്തിന്റെ സഹായത്തില്‍ തിരിച്ചറിഞ്ഞു. ഓരോ ഭാഗങ്ങളും പ്രത്യേകമായി ആദ്യം കടലാസ് ഉപയോഗിച്ച് മുറിച്ചെടുത്ത ശേഷമാണ് ഇ ലിങ്ക് പാനലുകള്‍ ലേസര്‍ കട്ടിംങ് ഉപയോഗിച്ച് മുറിച്ചെടുത്തതെന്നും പിന്നീട് ഈ പാനലുകള്‍ കാറില്‍ ഒട്ടിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഒരു ബട്ടണില്‍ സ്പര്‍ശിക്കുമ്പോള്‍ പുറം നിറം മാറുന്ന ലോകത്തിലെ ആദ്യത്തെ കാറാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.