ISL 2023
എവേയില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; എ ടി കെ പ്ലേ ഓഫില്‍
എ ടി കെയുടെ കാള്‍ മക്ഹഫ് ഇരട്ട ഗോള്‍ നേടി.

കൊല്‍ക്കത്ത | വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ എസ് എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എ ടി കെ മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ജയത്തോടെ എ ടി കെ പ്ലേ ഓഫില്‍ കടന്നു. 64ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രാഹുല്‍ കെ പിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അംഗസംഖ്യ പത്തിലേക്ക് ചുരുങ്ങി. എ ടി കെയുടെ കാള്‍ മക്ഹഫ് ഇരട്ട ഗോള്‍ നേടി.
മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ എ ടി കെയുടെ വല കുലുക്കാനായെങ്കിലും രണ്ട് ഗോളുകള്‍ എ ടി കെ തിരിച്ചടിക്കുകയായിരുന്നു. 16ാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയത്. അപസ്‌തോലസ് ഗിയാനൂവിന്റെ അസിസ്റ്റില്‍ ദിമിത്രിയോസ് ദയമന്തകോസ് ആണ് ഗോള്‍ അടിച്ചത്. സീസണിലെ തന്നെ ഗംഭീരമായ ഗോളായിരുന്നു ഇത്.
എന്നാല്‍ അധികം വൈകാതെ 23ാം മിനുട്ടില്‍ എ ടി കെ ഗോള്‍ മടക്കി. ദിമിത്രി പെട്രാടോസിന്റെ അസിസ്റ്റില്‍ കാള്‍ മക്ഹഫ് ആണ് ഗോളടിച്ചത്. 64ാം മിനുട്ടിലാണ് രാഹുലിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിക്കുന്നത്. എ ടി കെയുടെ ആശിഖ് കുരുണിയനെ സ്വന്തം പകുതിയില്‍ വെച്ച് താഴെയിടുകയായിരുന്നു. 71ാം മിനുട്ടില്‍ എ ടി കെ വിജയഗോള്‍ നേടി. മന്‍വീര്‍ സിംഗിന്റെ അസിസ്റ്റില്‍ കാള്‍ മക്ഹഫ് തന്നെ രണ്ടാം ഗോള്‍ നേടി.