Connect with us

National

ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന; ഹരജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും

തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് ഹരജിക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ തുറന്നു കാട്ടിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി ആധാര്‍ കണക്കാക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ശരിവെച്ചിരുന്നു.

അതേസമയം തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് ഹരജിക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ തുറന്നു കാട്ടിയിരുന്നു. മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്പേരെ സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്രയാദവ് സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ നടപടിയില്‍ യോഗേന്ദ്രയാദവിനെ കോടതി അഭിനന്ദിച്ചു. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

എന്നാല്‍, 2003ലെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളും അവരുടെ കുട്ടികളും ഒരു ഫോമും സമര്‍പ്പിക്കേണ്ടതില്ലെന്നും ഏകദേശം 6.5 കോടി വോട്ടര്‍മാരും ഈ വിഭാഗത്തില്‍ വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വ്യക്തമാക്കി. 2003ലെ പട്ടികയിലുണ്ടായിരുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെങ്കിലും എണ്ണല്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് സിബല്‍ പറഞ്ഞു. ഫോമുകള്‍ നല്‍കാത്തവര്‍ 2003ലെ പട്ടികയിലുള്ളവരാണെങ്കിലും ഒഴിവാക്കപ്പെടുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.