Connect with us

Kerala

ഭാരതാംബ ചിത്രം; കേരളത്തില്‍ ചേരിതിരിവ് ലക്ഷ്യമിട്ട് ബി ജെ പി

യഥാര്‍ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Published

|

Last Updated

തിരുവനന്തപുരം | ഭാരതാംബ ചിത്രം വിവാദത്തിലൂടെ സംസ്ഥാനത്ത് ചേരിതിരിവ് ലക്ഷ്യമിട്ട് ബി ജെ പി. യഥാര്‍ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെറും പ്രീണന രാഷ്ട്രീയമാണ് സി പി എമ്മിന്റെ ലക്ഷ്യം. ദേശ വിരുദ്ധത തുറന്നു കാട്ടുന്നവരെ നേരിടാനാണ് സി പി എം തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധത തുറന്നു കാട്ടിയതാണ് സി പി എമ്മിന്റെ ആക്രമണങ്ങള്‍ക്ക് കാരണം. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാര്‍ഗമാണ്. എന്നാല്‍ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കീഴ് വഴക്കം. തുടര്‍ച്ചയായി പത്ത് വര്‍ഷം ലഭിച്ച ഭരണം ഒരു പാര്‍ട്ടിയെ ആകമാനം ജനാധിപത്യ വിരുദ്ധരാക്കി തീര്‍ത്തു. സി പി എമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയതാണ് അവര്‍ അക്രമങ്ങളിലേക്ക് തിരിയാന്‍ കാരണം. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയം കേരള ജനതയക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിക്ക് കഴിഞ്ഞതും തെരുവില്‍ അക്രമങ്ങള്‍ ആരംഭിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നു.

ജനാധിപത്യത്തെ നോക്കുകുത്തിയാക്കി അക്രമരാഷ്ട്രീയം അഴിച്ചുവിടാനാണ് സി പി എം ശ്രമിക്കുന്നതെങ്കില്‍ ബിജെപിയും ജനങ്ങളും അത് അംഗീകരിക്കില്ല. പൊതു സമൂഹവും ബിജെപിയും അതിന് മറുപടി നല്‍കും. ഞങ്ങള്‍ക്ക് ആരോടും ഏത് രീതിയിലും പ്രതിഷേധിക്കാം ഞങ്ങള്‍ക്ക് നേരെ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിടുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. ഗവര്‍ണര്‍ക്ക് നേരെ ഡി വൈ എഫ് ഐക്കും എസ്എഫ്‌ഐക്കും പ്രതിഷേധം ആകാം, എന്നാല്‍ സംസ്ഥാനത്തിലെ മന്ത്രിക്ക് നേരെ പ്രതിഷേധം പാടില്ല എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വേച്ഛാധിപത്യ രീതിയെയാണ് തുറന്നു കാട്ടുന്നത്.

ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിക്കുന്ന ബി ജെ പി പ്രവര്‍ത്തകരെ അക്രമിക്കുന്ന പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും വലിയ വില നല്‍കേണ്ടി വരും. നിയമം കയ്യിലെടുത്ത് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് സി പി എമ്മിന്റെ ശ്രമമെങ്കില്‍, അതിന് പോലീസ് നോക്കുകുത്തിയായി നിന്ന് സഹായിക്കാനാണ് തീരുമാനമെങ്കില്‍, തെരുവിലേക്ക് ഇറങ്ങാന്‍ തന്നെ ബി ജെ പി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്കും തീരുമാനിക്കേണ്ടി വരും. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭാരതാംബ എന്ന ഈ നാടിന്റെ വികാരമായ സങ്കല്പത്തെ ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതും ഒരു രീതിയിലും അംഗീകരിക്കില്ല.

അതിന് ഇനി ആരു മുതിര്‍ന്നാലും അതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യും. തിരിച്ചടിക്കാന്‍ പതിന്മടങ്ങ് കരുത്തുള്ള പ്രസ്ഥാനങ്ങളാണ് മറുഭാഗത്തുള്ളതെന്ന് മറക്കരുത്. അടിച്ചമര്‍ത്തുന്ന നയം പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest