Connect with us

Kerala

മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവ് ജസ്‌ന പാമ്പ്കടിയേറ്റു മരിച്ചു

അവാര്‍ഡ് ദാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോഴിക്കൂടില്‍ നിന്ന് അണലിയുടെ കടിയേറ്റ ജെസ്‌നയുടെ വിയോഗം

Published

|

Last Updated

തൃശൂര്‍ | കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവായ ജസ്‌ന അവാര്‍ഡ് സ്വീകരിക്കുന്നതിനു മുമ്പ് പാമ്പ്കടിയേറ്റു മരിച്ചു. അവാര്‍ഡ് ദാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജെസ്‌നയുടെ വിയോഗം.

ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്പില്‍ പരേതനായ അബുവിന്റെ മകളുമായ ജസ്‌ന. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് ജസ്‌നയെ അണലി കടിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്നു. കോഴികളെയും വളര്‍ത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവില്‍ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. 17ന് അവാര്‍ഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവര്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാളായ ജന്നയെ മൂന്നു വര്‍ഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തെരഞ്ഞെടുത്തിരുന്നു. കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയില്‍ കൊടുങ്ങല്ലൂരില്‍ നാസ് കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നു .