Connect with us

National

വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശി മോഡല്‍ പിടിയില്‍

ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023ലാണ് ഇന്ത്യയിലെത്തിയത്.

Published

|

Last Updated

കൊല്‍ക്കത്ത |  വ്യാജരേഖകള്‍ കൈവശം വെച്ച് രാജ്യത്ത് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍.ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023ലാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കോല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതരമതക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി പിണങ്ങിയെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ് യുവതി വിവാഹംചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. നാദിയ ജില്ലയിലാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നത്.

തുടര്‍ന്ന് കോല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റിലെയും പിന്നീട് ഗോള്‍ഫ്ഗ്രീനിലെയും ഫ്ളാറ്റുകളില്‍ ഒരുമിച്ച് താമസം ആരംഭിച്ചു. ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടും യുവതി കൈവശപ്പെടുത്തിയിരുന്നതായും ഒരു പ്രാദേശിക ഏജന്റ് മുഖേനയാണ് യുവതി റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ വ്യാജമായി നിര്‍മിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് വിവിധ സൗന്ദര്യമത്സരങ്ങളിലടക്കം പങ്കെടുത്ത മോഡലാണ് ശാന്ത പോള്‍. 2019ല്‍ മിസ് ഏഷ്യ ഗ്ലോബല്‍ സൗന്ദര്യപ്പട്ടവും കരസ്ഥമാക്കിയിരുന്നു. ഇതിനുശേഷമാണ് ബംഗ്ലാദേശിലെ ഒരു വിമാനക്കമ്പനിയിലും ജോലിയില്‍ചേര്‍ന്നത്.ഇന്ത്യയിലെത്തിയതിന് ശേഷവും മോഡലിംഗ് രംഗത്ത് സജീവമായി. ചില തമിഴ്, ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചു. നിലവില്‍ ഒരു ഒഡിയ ചിത്രത്തില്‍ അഭിനയിക്കാനായി കരാറൊപ്പിട്ടിരുന്നതായും പോലീസ് പറഞ്ഞു.