Kerala
യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവം; അറസ്റ്റിലായ ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
സ്ത്രീത്വത്തെ അപമാനിക്കല്‍, കരുതിക്കൂട്ടിയുള്ള മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളാണ് ബെയിലിന്‍ ദാസിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം| തിരുവനന്തപുരത്ത് യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, കരുതിക്കൂട്ടിയുള്ള മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളാണ് ബെയിലിന്‍ ദാസിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബോധപൂര്‍വ്വം ആക്രമിച്ചതല്ലെന്നാണ് അഡ്വ. ബെയിലിന്‍ ദാസിന്റെ മൊഴി. എല്ലാ കാര്യങ്ങളും വിശദമായി കോടതിയില്‍ പറയുമെന്നായിരുന്നു ബെയ്ലിന്റെ പ്രതികരണം.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് ബെയ്ലിന്‍ ദാസ് പോലീസിന്റെ പിടിയിലാകുന്നത്. മര്‍ദനത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രണ്ടാം നാളാണ് പിടിച്ചത്.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ വനിതാ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിന് ചൊവ്വാഴ്ട ഉച്ചക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുറ്റാരോപിതനായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ അസ്സോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടായിരുന്നു. മര്‍ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ലെന്നാണ് ശ്യാമിലി പറയുന്നത്. പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെട്ടതാണ് ബെയ്‌ലിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
അക്രമത്തില്‍ വഞ്ചിയൂര്‍ പോലീസിനും ബാര്‍ അസോസിയേഷനും ശ്യാമിലി പരാതി നല്‍കിയിരുന്നു.തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നും ബെയിലിന്‍ ദാസിന്റെ ജാമ്യാപേക്ഷയിലുണ്ട്.