Kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയിലിന്‍ ദാസ് റിമാന്‍ഡില്‍
ജാമ്യാപേക്ഷയില്‍ വിധി നാളെ.

തിരുവനന്തപുരം| തിരുവനന്തപുരത്ത് യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് റിമാന്‍ഡില്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയിലിന്‍ ദാസിന്റെ ജാമ്യ ഹരജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ബെയിലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയിലിന്‍ ദാസ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയാണെന്ന് പ്രതിഭാഗം വാദിച്ചു. ബെയിലിന്‍ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജാമ്യ ഹരജില്‍ പ്രാഥമിക വാദമാണ് ഇന്ന് മജിസ്‌ട്രേറ്റ് കോടതി കേട്ടത്. ജാമ്യ ഹരജിയില്‍ വിധി വരുന്നതുവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ലുണ്ടായ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടു. പ്രശ്‌നത്തില്‍ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയിലിന്‍ ദാസ് വാദിച്ചു. അതിനിടയില്‍ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു. തീര്‍ത്തും ഓഫീസ് സംബന്ധമായ പ്രശ്‌നം മാത്രമാണ്. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല. അഭിഭാഷക ശ്യാമിലിയെ താക്കീത് ചെയ്യണമെന്ന് മറ്റൊരു അഭിഭാഷക ആവശ്യപ്പെട്ടിരുന്നുവെന്നും ബെയിലിന്‍ ദാസ് വാദിച്ചു. അതേസമയം, ബെയ്ലിന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള പ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. റിമാന്‍ഡ് ചെയ്ത ബെയിലിന്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അഭിഭാഷക. ശ്യാമിലി ജസ്റ്റിന്‍ പ്രതികരിച്ചു.
രാവിലെ 11ഓടെയെയാണ് ബെയിലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലെത്തിച്ചത്. ശംഖുമുഖം അസി.കമ്മീഷണര്‍ കോടതിയിലെത്തിയിരുന്നു. ബെയിലിന്‍ ദാസിനെ കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകരുടെ നീണ്ട നിര കോടതിക്ക് പുറത്തുണ്ടായിരുന്നു. വന്‍ പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.