National
മഹുവയുടെ ഫോണും ഇ-മെയിലും ഹാക്ക് ചെയ്യാന്‍ ശ്രമം; ആപ്പിളിന്റെ മുന്നറിയിപ്പ്
സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

ന്യൂഡല്‍ഹി| തന്റെ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആപ്പിള്‍ കമ്പനിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ആപ്പിളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്‌സില്‍ പങ്കുവെച്ചു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ഹാക്ക് ചെയ്താല്‍ ഫോണിലെ നിര്‍ണായക വിവരങ്ങളും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നും മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിള്‍ അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് മഹുവയുടെ എക്‌സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും മഹുവ പരിഹസിക്കുന്നുണ്ട്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന് മഹുവക്കെതിരെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഹാക്കിങ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ വന്‍ തുക കോഴ വാങ്ങിയെന്നാണ് ആരോപണം. ആരോപണത്തില്‍ വിശദീകരണം കേള്‍ക്കുന്നതിനായി നവംബര്‍ രണ്ടിന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മഹുവക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.