Connect with us

From the print

ലീസിനെടുത്ത വഖ്ഫ് ഭൂമി സ്വന്തമാക്കാനുള്ള ശ്രമം പൊളിഞ്ഞു

നാല് വര്‍ഷത്തിന് ശേഷം ജില്ലാ മുസ്‌ലിം എജ്യൂക്കേഷനല്‍ അസ്സോസിയേഷന്‍ പാട്ടത്തുക അടച്ചു

Published

|

Last Updated

തളിപ്പറമ്പ് | പാട്ടത്തിനെടുത്ത വഖ്ഫ് ഭൂമി സ്വന്തമാക്കാൻ മുസ്്ലിം ലീഗ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ്്ലിം എജ്യൂക്കേഷനല്‍ അസ്സോസിയേഷന്റെ (സി ഡി എം ഇ എ) ശ്രമം പൊളിഞ്ഞെന്ന് വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല് വര്‍ഷത്തിന് ശേഷം ജില്ലാ മുസ്‌ലിം എജ്യൂക്കേഷനല്‍ അസ്സോസിയേഷന്‍ പാട്ടത്തുക അടച്ചു. അതോടൊപ്പം 54 വര്‍ഷമായി ലീസ് നല്‍കുന്ന 25 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. വഖ്ഫ് സ്വത്ത് സംരക്ഷണ സമിതിയുടെയും തളിപ്പറമ്പ് മുതവല്ലിയുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് വഖ്ഫ് ഭൂമി സംരക്ഷണം ഉറപ്പാക്കിയത്.

വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുടെയും നേതാക്കളുടെയും നേതൃത്വത്തിലുള്ള സര്‍ സയ്യിദ് മാനേജ്മെന്റ് കമ്മിറ്റി വഖ്ഫ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചത്. അത് തടയാന്‍ കഴിഞ്ഞത് ഒരേസമയം സംഘ്പരിവാറിനെതിരെയും മുസ്‌ലിം സമുദായത്തിലെ കള്ളനാണയങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടത്തിന്റെ വിജയമായി കാണുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.

സര്‍ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വഖ്ഫ് ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദമായിരുന്നു ട്രസ്റ്റ് ഉന്നയിച്ചത്. ലീഗ് സംസ്ഥാന പ്രസിഡന്റ്്സ്വാദിഖലി ശിഹാബ് തങ്ങൾ ഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കൈക്കലാക്കാനാണ് പച്ചക്കള്ളം പറഞ്ഞ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഇടപെട്ട് തടഞ്ഞു. തുടർന്ന് ട്രസ്റ്റിന് സത്യവാങ്മൂലം പിന്‍വലിക്കേണ്ടിവന്നു. അഭിഭാഷകര്‍ക്ക് പറ്റിയ തെറ്റാണെന്നും ക്ലറിക്കല്‍ തകരാറാണെന്നുമുള്ള വ്യാഖ്യാനങ്ങളുമായി നാണം കെടാന്‍ നില്‍ക്കാതെ വിശ്വാസികളോട് മാപ്പ് പറയാൻ ട്രസ്റ്റ് ഭാരവാഹികൾ തയ്യാറാകണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ അധീനതയിലുള്ള റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്ലാസ്സ് മുറി നിര്‍മിക്കാന്‍ കേരള വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷനല്‍ ഓഫീസര്‍ അനുമതി നല്‍കാത്തതിന് പിന്നിലും രാഷ്ട്രീയ താത്പര്യമാണെന്ന് വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. സ്‌കൂള്‍ പി ടി എ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും ലീഗ് നേതൃത്വത്തിലുള്ള മാനേജ്മെന്റ്്പരിഗണിച്ചിരുന്നില്ല. മാനേജ്മെന്റിലെ ചിലരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികള്‍ കുറയുമെന്നതിനാലാണിത്.

വഖ്ഫ് ബോര്‍ഡ് പഴയ കമ്മിറ്റി പിരിച്ചുവിട്ട് നിയമിച്ച പുതിയ മുതവല്ലി ശംസുദ്ദീന്‍ ചുമതലയേറ്റതോടെയാണ് പി ടി എയുടെയും പ്രിന്‍സിപ്പലിന്റെയും ആവശ്യം പരിഗണിച്ച് വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് കഴിഞ്ഞ മാര്‍ച്ച് നാലിന് നിര്‍മാണാനുമതിക്ക് അപേക്ഷിച്ചത്.

രണ്ട് മാസം കഴിഞ്ഞിട്ടും അനുമതി നല്‍കാത്തത് ലീഗിനെ തൃപ്തിപ്പെടുത്താനാണ്. പുതിയ കെട്ടിടമില്ലെങ്കില്‍ ഈ അധ്യയനവര്‍ഷവും ഇവിടെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന സ്ഥിതിയാണ്. ഒടുവില്‍ വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഇടപെട്ടതോടെ ഇക്കാര്യത്തില്‍ അനുകൂല നിലപാട് കൈക്കൊണ്ടുവെങ്കിലും അതും സാങ്കേതിക കാരണങ്ങളാല്‍ മുടക്കാന്‍ ശ്രമിക്കുകയാണ്.
ഇതില്‍ നിന്ന് ലീഗ് പിന്മാറണമെന്നും വഖ്ഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികളായ സി അബ്ദുല്‍ കരീം, ചപ്പന്‍ മുസ്തഫ, കുറിയാലി സിദ്ദീഖ് പങ്കെടുത്തു.