Connect with us

Kerala

വാസന്തി മഠത്തില്‍ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നത് പ്രധാന ചികിത്സ

മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു നിലവില്‍ കസ്റ്റഡിയിലുള്ള ശോഭനയുടെ ചികിത്സ.

Published

|

Last Updated

പത്തനംതിട്ട | മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍. യുവജന സംഘടനകള്‍ കേന്ദ്രം അടിച്ചുതകര്‍ത്തതിനു പിന്നാലെയാണ് ആവശ്യം. ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ വാസന്തി മഠം മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും. ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു നിലവില്‍ കസ്റ്റഡിയിലുള്ള ശോഭനയുടെ ചികിത്സ. പലതവണ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആരോപണം.

മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ ആഭിചാരക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തേതന്നെ പ്രതിഷേധം നടത്തിയതാണ്. പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കും. അത് പോലീസിന് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ത്തന്നെ മാനസികനില തെറ്റിയ ആളെന്ന രീതിയില്‍ പോലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളേയും കാണാതായിട്ടുണ്ടെന്നും അതെല്ലാം പോലീസ് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്നായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ശോഭനയുടെ പ്രതികരണം. ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.

നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിരുന്നു. പോലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വിശദമായി പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

 

Latest