Connect with us

Travelogue

പെട്രോനാസ് ഇരട്ടഗോപുരത്തിൽ

പെട്രോനാസിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മഹാതീർ മുഹമ്മദിന്റെ വാക്കുകൾ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. "അന്താരാഷ്ട്രപരമായി അംഗീകരിക്കപ്പെട്ട നാഴികക്കല്ല് എന്ന നിലയിൽ ഒരു രാജ്യത്തിന്റെ സ്ഥൈര്യം, നൈപുണ്യം, നിശ്ചയദാർഢ്യം, വീര്യം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, പുരോഗതി, ആവേശം എന്നിവയുടെ പ്രതീകമാണ് ഈ ഇരട്ട ഗോപുരങ്ങൾ.

Published

|

Last Updated

ചില നഗരങ്ങളുടെയും രാജ്യങ്ങളുടെയും പേരുകൾ കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വിരിഞ്ഞു വരുന്നൊരു രൂപമുണ്ടാകും. ആ നാടിനും രാഷ്ട്രത്തിനും പൗരന്മാർക്കും അഭേദ്യമായ ബന്ധം സ്ഥാപിച്ച വല്ല നിർമിതികളായിരിക്കുമത്. ഈജിപ്‍തിന് പിരമിഡും, ആസ്‌ത്രേലിയക്ക് സിഡ്‌നിയിലെ ഓപ്പറ ഹൗസും, ഇന്ത്യക്ക് താജ്മഹലും, സിംഗപ്പൂരിനു സിംഹത്തിന്റെ ശിരസ്സും മത്സ്യത്തിന്റെ ഉടലുമുള്ള മെർലയൺ ശിൽപ്പവും, സഊദി അറേബ്യക്ക് കഅബയും വരുന്നത് ആ ഒരു ബന്ധത്തിൽ നിന്നാണ്. മലേഷ്യക്കുമുണ്ട് അത്തരമൊരു ആജാനബാഹുവായ നിർമിതി. ക്വാലാലംപൂരിലെ പെട്രോനാസ് ട്വിൻ ടവറുകളാണത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ് പെട്രോനാസ് ട്വിൻ ടവർ. മലേഷ്യയിലെ ദേശീയ പെട്രോളിയം കമ്പനിയായ പെട്രോനാസിന്റെ ആസ്ഥാനം സ്ഥാപിക്കുന്നതിനായി നിർമിച്ച ഇരട്ട ഗോപുരങ്ങളാണത്.

അർജന്റീനിയൻ -അമേരിക്കൻ വാസ്തുശിൽപ്പിയായ സീസർ പെല്ലിയാണ് ഇത് രൂപകൽപ്പന ചെയ്തത്. 1998ൽ നിർമാണം പൂർത്തിയായി. 2004വരെ ഈ ട്വിൻ ടവറായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതി. രണ്ട് കെട്ടിടത്തിന്റെയും ഗോപുരത്തിന്റെയും വാസ്തു രൂപം സമാനമാണ്. എട്ട് ഭാഗങ്ങളുള്ള വൃത്താകൃതിയിലുള്ള ഘടന, അതിൽ 88 നിലകൾ ഉൾക്കൊള്ളുന്ന സ്ഥലവും പിരമിഡ് ആകൃതിയിലുള്ള ഗോപുരാഗ്രവും, ഒരു നേർത്ത ഉരുക്ക് ദണ്ഡ് മുകളിലേക്കും ഉയർന്നു നിൽക്കുന്നു. 451.9 മീറ്റർ (1,483 അടി) ഉയരത്തിൽ അത് മലേഷ്യയുടെ അഭിമാനമായി ഇന്നും നിലനിൽക്കുന്നു. കെട്ടിടത്തിന്റെ പുറം ഭാഗം സ്റ്റെയിൻലെസ് സ്റ്റീലും ഗ്ലാസും കൊണ്ട് കവചം തീർത്തിരിക്കുന്നു. രണ്ട് നിലകളുള്ള ഒരു സ്കൈബ്രിഡ്ജ് 41 ഉം 42 ഉം നിലകൾക്കിടയിൽ രണ്ട് ടവറുകളെ ബന്ധിപ്പിക്കുന്നു. മലേഷ്യക്ക് ഒരു ആഗോള ശ്രദ്ധ ആകർഷിപ്പിക്കാനുള്ള തുൻ മഹാതിർ മുഹമ്മദിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പെട്രോനാസ് ഇരട്ട ഗോപുരങ്ങളുടെ നിർമാണം.

ഉച്ച കഴിഞ്ഞാണ് ഞങ്ങൾ അവിടെ എത്തിയത്. നൂറുകണക്കിന് ആളുകൾ അവിടെ തിങ്ങിനിൽക്കുന്നുണ്ട്. എല്ലാവർക്കും ഒരേയൊരു ലക്ഷ്യം മനോഹരമായ ഈ നിർമിതിയും താനും ഉൾക്കൊള്ളുന്ന ഒരു ചിത്രം പകർത്തുക. അതിലുപരി ആ മനോഹര മനുഷ്യ നിർമിതിയുടെ സൗന്ദര്യം ആസ്വദിക്കാനോ അതിനു പിന്നിലെ കരങ്ങളെ അനുമോദിക്കാനോ ആരും ശ്രമിക്കാറോ മുതിരാറോ ഇല്ല. ആർകിടെക്ട് ദർവേഷ് കെട്ടിടത്തിന്റെ ശക്തിയെ കുറിച്ചും അതിലുപയോഗിച്ച ഗ്ലാസ്സുകൾ എങ്ങനെ സൂര്യപ്രകാശത്തെ ചെറുക്കാൻ സഹായിക്കുന്നുവെന്നും എങ്ങനെ അതിന്റെ ആയുസ്സ് ഉണ്ടാകുമെന്നൊക്കെയുള്ള നീണ്ട ക്ലാസ് , ട്വിൻ ടവർ കണ്ടുനടക്കുന്നതിനിടയിൽ പങ്കുവെക്കുന്നുണ്ടായിരുന്നു. പലയിടത്തായി ട്വിൻ ടവറിന്റെ ചിത്രവും സഞ്ചാരികളും കൂടെ ഒന്നിച്ചു എടുക്കാൻ പറ്റുന്ന രൂപത്തിലുള്ള, മൊബൈൽ ഫോണിൽ ഘടിപ്പിക്കാൻ സാധിക്കുന്ന എക്സ്റ്റെർണൽ ലെൻസുകൾ വിൽക്കാൻ നടക്കുന്നവരുമുണ്ട്. ഞങ്ങൾ രണ്ടു പേരും കുറെ നേരം ഒരു മാർബിൾ ശിലയുടെ മുകളിലിരുന്ന് കൊണ്ട് ട്വിൻ ടവറിന്റെ മനോഹരമായ കാഴ്ച ആസ്വദിച്ചു. അതിനു മുന്നിലൂടെ അത്ഭുതം കൂറി നടക്കുന്നവർ, ആ ഒരു സുന്ദര നിർമിതിയിലേക്ക് കണ്ണ് നട്ടു നോക്കാതെ ക്യാമറ വ്യൂ ഫൈൻഡറിലൂടെ മാത്രം ആ നിർമിതയെ നോക്കുന്നവർ, ഇതൊക്കെ ഞങ്ങൾക്ക് ചിരി പടർത്താനുള്ള ഒരു സംസാര വിഷയമായി മാറി. തിരക്ക് കഴിഞ്ഞപ്പോൾ ഞങ്ങളും ഒന്നിച്ചു നിന്നൊരു ചിത്രം പകർത്തി. യാത്രകളുടെ മനോഹരമായ ഒരു സോവനീറായി ആ ചിത്രം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

പിന്നീട് പെട്രോനാസ് ടവറിന്റെ ഉള്ളിലേക്ക് കയറി. പ്രവേശിച്ചാൽ എത്തുന്നത് വലിയൊരു ഷോപ്പിംഗ് ഏരിയയിലേക്കാണ്. ലോകത്തെ പ്രധാനപ്പെട്ട ബ്രാൻഡുകളുടെയൊക്കെ ഔട്്ലെറ്റുകൾ അവിടെ കാണാം. ആയിരക്കണക്കിന് ഡോളറുകൾ വിലയുള്ള പേഴ്‌സുകളും ബാഗുകളും വസ്ത്രങ്ങളും പേനകളും വിൽക്കുന്ന ഷോപ്പുകൾ, ക്വാലാലംപൂരിന്റെ സോവനീറുകൾ വിൽക്കുന്ന കടകൾ, ആസ്വാദനവും ആശ്വാസവും പകരുന്ന സ്പാകൾ, ബ്യൂട്ടി പാർലറുകൾ… ഇങ്ങനെ ഏതൊരു സഞ്ചാരിയുടെയും സമയം കവരാൻ മാത്രമുള്ള ഷോപ്പിംഗ് സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്. അതിനിടയിലൂടെ മുകളിലേക്ക് ഉയരുന്ന ലിഫ്റ്റും കാണാം.മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു വന്നവർക്ക് അതിൽ കയറിയാൽ സ്‌കൈ ബ്രിഡ്ജിൽ നിന്നും നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ച ലഭിക്കും. യഥാർഥത്തിൽ തദ്ദേശീയരെ സംബന്ധിച്ചിടത്തോളം ആ കാഴ്ച കാണൽ നിർബന്ധമാണെന്നു എനിക്ക് തോന്നാറുണ്ട്. കാരണം, തന്റെ രാജ്യത്തോടും അതിന്റെ സിസ്റ്റത്തോടും പൈതൃകത്തോടും ചരിത്രത്തോടും ഒരു അനുഭാവപൂർണമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ അത് കാരണമാകുമെന്നത് തീർച്ചയാണ്. ഡൽഹിയിലൂടെ യാത്ര ചെയ്യുമ്പോഴൊക്കെ തോന്നാറുണ്ട്, ഓരോ ഇന്ത്യൻ പൗരനെയും ഡൽഹിയുടെ കാഴ്ചകളിൽ കൂട്ടിപ്പോകണമെന്ന്; ഇത്രമാത്രം ചരിത്രവും പ്രൗഢിയേറിയ നിർമിതികളുമുള്ള ഒരു രാജ്യത്തിന്റെ പൗരന്മാർക്ക് ആ കാഴ്ചകളും അനുഭവങ്ങളും വേറൊരു തരത്തിലുള്ള അഭിമാനം സമ്മാനിക്കും.

ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചെലവഴിച്ചു. പെട്രോനാസിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മഹാതീർ മുഹമ്മദിന്റെ വാക്കുകൾ എന്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. “അന്താരാഷ്ട്രപരമായി അംഗീകരിക്കപ്പെട്ട ഒരു നാഴികക്കല്ല് എന്ന നിലയിൽ ഒരു രാജ്യത്തിന്റെ സ്ഥൈര്യം, നൈപുണ്യം, നിശ്ചയദാർഢ്യം, വീര്യം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, പുരോഗതി, ആവേശം എന്നിവയുടെ പ്രതീകമാണ് ഈ ഇരട്ട ഗോപുരങ്ങൾ.’