Connect with us

Aksharam

67ന്റെ നിറവിൽ "ദൈവത്തിന്റെ സ്വന്തം നാട് ''

1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്.

Published

|

Last Updated

“ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന് ഈ നവംബർ ഒന്നിന് 67 വയസ്സ് പൂർത്തിയായിരിക്കുകയാണ്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങിനെയാണ് കേരളം രൂപം കൊള്ളുന്നത്. ഇതിന്റെ ഓർമക്കായാണ് എല്ലാ വർഷവും നവംബർ ഒന്നിന് മലയാളികൾ കേരള പിറവി ദിനം ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്റെ പേരിൽ നിരവധി പോരാട്ടങ്ങളും നടന്നിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഒമ്പത് വർഷത്തിനു ശേഷം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ യോജിപ്പിച്ച് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്.

പേര് വന്ന വഴി

ഐക്യകേരളത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ വിജയം കൂടിയായിരുന്നു അത്. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിലും നിരവധി ഐതിഹ്യങ്ങളുണ്ട്. “കേര’ എന്നാൽ തെങ്ങ്, “ആലം’ എന്നാൽ ഭൂമി, അതിനാൽ കേരളം എന്നാൽ തെങ്ങുകളുടെ നാടാണെന്നും അതല്ല നൂറ്റാണ്ടുകൾക്കു മുന്പ് ഈ സ്വതന്ത്ര പ്രവിശ്യകൾ ഭരിച്ചിരുന്ന ആദ്യ ഭരണാധികാരി കേരളീയന്റെ പേരാണ് കേരളത്തിന് ലഭിച്ചതെന്നും ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.

മലയാള നാടിന്റെ ആവശ്യം

ഐക്യകേരളമെന്ന ആവശ്യം ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. സ്വദേശാഭിമാനി പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയാണ് മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകൾ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുന്നോട്ട് വെക്കുന്നത്. നെഹ്റു അധ്യക്ഷനായി 1928ൽ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസ്സാക്കുകയും ചെയ്തു. 1946 ൽ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി രൂപവത്കരിച്ചു.
കൊച്ചി മഹാരാജാവ് ആയിരുന്ന കേരള വർമയും ഇതിൽ നിർണായക പങ്ക് വഹിച്ചു.
1947 ഏപ്രിലിൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ തൃശൂരിൽ നടന്ന ഐക്യകേരള കൺവൻഷൻ ഉദ്ഘാടനം ചെയ്തതോടെ അദ്ദേഹത്തിന് ഐക്യകേരള തമ്പുരാൻ എന്ന വിശേഷണവും ലഭിച്ചു.

ആധുനിക കേരളം

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപവത്കൃതമായി. 1950 ജനുവരിയിൽ അത് “സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ-കൊച്ചിൻ’ എന്ന് പുനർനാമകരണം ചെയ്തു. 1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെ എം പണിക്കർ അംഗവുമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപവത്കരിച്ചു. കമ്മീഷൻ റിപോർട്ട് 1955ൽ കേന്ദ്ര സർക്കാറിന് നൽകി. അങ്ങനെ 1956 നവംബർ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമം അനുസരിച്ച് ആധുനിക കേരള സംസ്ഥാനം രൂപം കൊണ്ടു. ശേഷം 13 മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്.

സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികെയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർകോട് താലൂക്കും ലയിപ്പിച്ചാണ് കേരള സംസ്ഥാനം രൂപവത്കരിക്കുന്നത്. ആദ്യം അഞ്ച് ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപ്പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു.

ശേഷിച്ച തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. ഇതോടെ കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമായി. ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്തു.
രൂപവത്കരിക്കുന്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ വെറും അഞ്ച് ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 1957ൽ മലബാറിനെ വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളാക്കി. ഇതേ വർഷം ആഗസ്റ്റിൽ കോട്ടയം, കൊല്ലം ജില്ലകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ആലപ്പുഴ രൂപവത്കരിച്ചു. 1958 ഏപ്രിൽ ഒന്നിന് എറണാകുളവും 1969ൽ മലപ്പുറവും 1972ൽ ഇടുക്കിയും 1980ൽ വയനാടും 1982ൽ പത്തനംതിട്ടയും നിലവിൽ വന്നു. കേരളത്തിലെ

14ാമത്തെ ജില്ലയായി കാസർകോട് പിറവിയെടുത്തത് 1984 മെയ് 24ന് ആയിരുന്നു.
നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജക മണ്ഡലങ്ങളും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറ് കോർപറേഷനുകളുമാണുള്ളത്. കിഴക്ക് സഹ്യനും പടിഞ്ഞാറ് അറബിക്കടലും കേരളത്തിനായി പ്രകൃതി തന്നെ അതിർത്തികൾ കെട്ടി. തെക്ക് മുതൽ വടക്ക് വരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകൾ. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലും തീരപ്രദേശമുണ്ട്.

കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങൾ കൂടിയുണ്ട്. കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതും നവംബർ ഒന്നിനാണ്. 67 വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ലോകത്തിനാകെ മാതൃകയാണ് കേരളമെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. കൂടാതെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ -പുരോഗതിയിലും വിനോദസഞ്ചാര മേഖലയിലും കേരളം മുൻനിരയിലാണ്. ടൂറിസം മേഖലയിലും നന്പർ വൺ തന്നെയാണ് നമ്മുടെ സ്വന്തം നാട്.

 

 

---- facebook comment plugin here -----

Latest