Kerala
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
കരാര്‍ ലംഘിച്ചത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്പോണ്‍സര്‍ ആരോപിച്ചിരുന്നു

തിരുവനന്തപുരം | അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.
കരാര്‍ ലംഘിച്ചത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്പോണ്‍സര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോണ്‍സര്‍ നടത്തിയിരുന്നു. എന്നാല്‍ കായിക മന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കായിക മന്ത്രിക്കെതിരെ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്.
2024 സെപ്റ്റംബറില്‍ കായികമന്ത്രി മാഡ്രിഡില്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. കരാര്‍ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തില്‍ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്‌പോണ്‍സറും ആവര്‍ത്തിക്കുന്നതിനിടെ മെസ്സിപ്പട അമേരിക്കയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒക്ടോബറില്‍ കേരളത്തില്‍ എത്താന്‍ അസൗകര്യമുള്ളതായി അര്‍ജന്റീന അറിയിച്ചതായി കായികമന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചിരുന്നു.