Connect with us

Ongoing News

അറബ് സോഷ്യൽ മീഡിയ അന്വേഷിച്ച നഗ്നപാദനായി തിരുസവിധത്തിലെത്തിയ വയോധികനെ കണ്ടെത്തി

ആട്ടിടയനായ അബ്ദുൾ ഖാദർ ബക്ഷി എന്നയാളാണ് ചെരുപ്പ് ധരിക്കാതെ മദീനയിലെത്തിയത്.

Published

|

Last Updated

മദീന | തിരുഹബീബിന്റെ ചാരത്തെത്തിയ നഗ്‌ന പാദനായ ആൾ ആര്? ഒരാഴ്ചയായി അറബ് സോഷ്യൽ മീഡിയയിലെ അന്വേഷണമിതായിരുന്നു. ഒടുവിൽ ആ വയോധികനെ കണ്ടെത്തിയിരിക്കുകയാണ്. സഊദിയിലെ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് റിപ്പോർട്ടറാണ് പാക്കിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്രാമത്തിൽ നിന്ന് ആ വയോധികനെ കണ്ടെത്തിയത്. ആട്ടിടയനായ അബ്ദുൾ ഖാദർ ബക്ഷി എന്നയാളാണ് ചെരുപ്പ് ധരിക്കാതെ മദീനയിലെത്തിയത്.

നഗ്നപാദനായി, വെള്ള തലപ്പാവും അതിന് മുകളിൽ ഒരു തട്ടവുമിട്ട് കൈയിൽ വടിയും പിടിച്ച് നിഷ്‌കളങ്കനായി മദീനയോട് വിടചൊല്ലുന്ന വയോധികനായ പ്രവാചക പ്രേമിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി  സോഷ്യൽ മീഡിയയിൽ വൈറലായത്.  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകൻ തുർക്കി അൽ ശൈഖ് “എങ്ങനെ ബന്ധപ്പെടണമെന്ന് ചോദിച്ച്  ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ അറബ് ലോകം ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഉംറ നിർവഹിച്ച ശേഷമാണ് 82കാരനായ അബ്ദുൾ ഖാദർ ബക്ഷി പ്രവാചക നഗരിയിലെത്തിയത്. മസ്ജിദുന്നബവിയുലൂടെ നടക്കുന്ന വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകകൂടി ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. ഒരു മില്ല്യണിലധികം ആളുകളാണ് ഒരാഴ്ചക്കിടെ വീഡിയോ കണ്ടത്.

image.png

കൈയിൽ വടിയേന്തയുള്ള കാഴ്ചനഷ്ടപ്പെട്ട ബക്ഷിൻറെ നടത്തം ഹൃദയഭേദക രംഗമായിരുന്നു. തിരിഞ്ഞും മറിഞ്ഞും ആരെയോ തിരയുന്നത് പോലെയാണ് അദ്ദേഹം പ്രവാചകനഗരിയിൽ നിന്ന് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും പ്രശസ്ത ഇസ്‌ലാമിക വ്യക്തിത്വങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു സാമൂഹിക മാധ്യമ ചർച്ച. മദീനയിലെ ഇടനാഴിയിലൂടെ നടക്കുന്ന വീഡിയോകളും ചിത്രങ്ങളും അറബ് സി എൻ എൻ ചാനലും റിപ്പോർട്ട് ചെയ്തിരുന്നു.

image.png

മദീനയിൽ നിന്നും മക്കയിൽ തിരിച്ചെത്തി വീണ്ടുമൊരു ഉംറ നിർവഹിച്ചാണ് ശനിയാഴ്ച ബലൂചിസ്ഥാനിലെ ഗോത്ത് ഹാജി റഹീം ഗ്രാമത്തിലെ വീട്ടിലേക്ക് അദ്ദേഹം മടങ്ങിയത്.  പ്രായമേറെയായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. എങ്കിലും പുണ്യ ഭൂമിയിലെത്താൻ കഴിഞ്ഞ 15 വർഷമായിപണം സ്വരൂപിക്കുകയായിരുന്നു. കുറച്ച് ആടുകളെ വിറ്റാണ് സ്വപ്നം സാക്ഷാത്കരിച്ചത്.

‘അല്ലാഹുവേ, എനിക്ക് ഈ സ്ഥലം അറിയില്ല, അതിനാൽ നീയാണ് എന്റെ വഴികാട്ടി, എനിക്ക് സഹായത്തിന് ആരുമില്ല, ഞാൻ ആരോഗ്യവാനല്ലെങ്കിൽ, ഈ സ്ഥലം എനിക്ക് നല്ലതാണ്, ഞാൻ കൂടുതൽ അറിവ് ഉള്ള ആളല്ല, കാഴ്ചശക്തി കുറവാണ്, നീ എന്റെ ഏക വഴികാട്ടിയായതിനാൽ എന്നെ നയിക്കണേ എന്നായിരുന്നു കഅ്ബയിൽ വെച്ച് അദ്ദേഹം പ്രാർഥിച്ചത്. ഇതിന് ഉത്തരം ലഭിച്ചുവെന്നും ചുറ്റിനടന്നുവെന്നും അദ്ദേഹം പറഞ്ഞു.

image.png
വഴികാട്ടിയില്ലാതെയാണ്  അദ്ദേഹം പുണ്യഭൂമിയിലെത്തിയത്. ബലൂചി ഭാഷ മാത്രം വശമുണ്ടായിരുന്ന ബക്ഷിന് ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. മരക്കൊമ്പുകളും പുല്ലും കൊണ്ട് തീർത്ത കുടിലിൽ വെച്ചായിരുന്നു  അദ്ദേഹത്തെ മാധ്യമ പ്രവർത്തകൻ കണ്ടത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉംറ നിർവഹിച്ച് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ
അബ്ദുൾ ഖാദർ ബക്ഷിനെ കാണാൻ ആവേശഭരിതരായ സന്ദർശകരുടെ തിരക്കായിരുന്നു.
എന്റെ എല്ലാ ആശങ്കകളും അപ്രത്യക്ഷമായതായി, എന്റെ ഹൃദയം സംതൃപ്തമാണ്. എനിക്ക് ഉപജീവനത്തിന് കുറവില്ല, ഇപ്പോൾ ഞാൻ വലിയ  സന്തോഷവാനാണ്, പുണ്യ ഭൂമിയായ മക്കയും തിരുഹബീബിന്റെ നഗരിയായ മദീനയും സന്ദർശിക്കാനുള്ള എന്റെ ആഗ്രഹം സഫലമായിരിക്കുന്നു. ഏറ്റവും വലിയ ആഗ്രഹമായ ഹജ്ജ് നിർവഹിക്കാനുള്ള പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇനിയെന്നും പുഞ്ചിരിതൂകി ബക്ഷി പറഞ്ഞു.

സിറാജ് പ്രതിനിധി, ദമാം

Latest