Connect with us

Ongoing News

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദലാകും

ചരിത്ര നിയോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

Published

|

Last Updated

മുക്കം | രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ തുരങ്കപാതയുടെ നിര്‍മാണത്തിന് ഇന്ന് ഔദ്യോഗിക തുടക്കമായതോടെ ചരിത്ര നിയോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് കേരളം. ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിന് ബദല്‍ പാതയായി തുരങ്കപാത മാറും. നിര്‍മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകും ആനക്കാംപൊയില്‍- മേപ്പാടി പാത. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ നിന്നാണ് തുരങ്കപാതയിലേക്കുള്ള നാല് വരി പാത ആരംഭിക്കുന്നത്.

ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴയിലേക്ക് 6.6 കി. മീ. നാല് വരിപ്പാതയും മറിപ്പുഴയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. മറിപ്പുഴയില്‍ നിന്ന് രണ്ട് കി. മീ. റോഡ് നാല് വരിപ്പാത പിന്നിട്ടാല്‍ തുരങ്കപാത തുടങ്ങുന്ന സ്വര്‍ഗം കുന്നിലെത്തും. സ്വര്‍ഗം കുന്ന് മുതല്‍ വയനാട് ജില്ലയിലെ കള്ളാടി വരെ 8.11 കി. മീ. ദൈര്‍ഘ്യത്തിലാണ് തുരങ്കം നിര്‍മിക്കുക. തുടര്‍ന്ന്, ഒമ്പത് കി. മീ. ദൂരം സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താം.

വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കപാത നിര്‍മിക്കേണ്ടത്. ആസ്‌ത്രേലിയന്‍ സാങ്കേതിക വിദ്യയാണ് തുരങ്ക നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത്. തുരങ്കപാതയില്‍ അഗ്‌നിരക്ഷാ സൗകര്യം, സി സി ടി വി സംവിധാനം, ബ്രേക്ക് ടൗണാകുന്ന വാഹനങ്ങള്‍ മാറ്റിയിടാനുള്ള പ്രത്യേക പാത, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പുറത്ത് എത്തിക്കാന്‍ സൗകര്യം, വായു മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഉണ്ടാകും.

2,134 കോടി രൂപയാണ് പാതക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,341 കോടി രൂപ തുരങ്കപാത നിര്‍മാണത്തിനും 160 കോടി രൂപ തുരങ്കപാതയിലേക്കുള്ള അപ്രോച്ച് റോഡിനുമാണ് വകയിരുത്തിയത്. തുരങ്കപാത നിര്‍വഹണ ഏജന്‍സി കൊങ്കണ്‍ റെയിവേ കോര്‍പറേഷനാണ്. കിഫ്ബിയാണ് ഫിനാന്‍സ് ഏജന്‍സി. തുരങ്കപാത നിര്‍മാണ കരാര്‍ ബില്‍ഡ് കോണ്‍ ലിമിറ്റഡും അപ്രോച് റോഡ് ചുമതല റോയല്‍ ഇന്‍ഫ്രാസ് ട്രെക്ചര്‍ കമ്പനിക്കുമാണ്.

12 കി. മീ. ദൈര്‍ഘ്യമുള്ള താമരശ്ശേരി ചുരത്തിലെ ഒമ്പത് മുടി പിന്‍ വളവുകളാണ് യാത്രാദുരിതം വര്‍ധിപ്പിക്കുന്നത്. ചുരത്തില്‍ വലിയ വാഹനങ്ങള്‍ തകരാറിലാകുന്നതും അപകടങ്ങളുണ്ടാകുന്നതും കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്ന സാഹചര്യമുണ്ട്. വയനാട്ടുകാര്‍ക്ക് കോഴിക്കോട്ടെ ആശുപത്രികളിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ തടസ്സങ്ങള്‍ ദുരിതമായി മാറാറുണ്ട്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ വയനാടും കോഴിക്കോടും തമ്മിലുള്ള ബന്ധത്തിന് അടുപ്പം കൂടും.

 

Latest