old building fell
കോഴിക്കോട് തിരക്കേറിയ റോഡില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു
ആളില്ലാത്തതിനാല്‍ വലിയ അത്യാഹിതം ഒഴിവായി.

കോഴിക്കോട് | തിരക്കേറിയ വയനാട് റോഡില്‍ പഴയ പീടിക കെട്ടിടം തകര്‍ന്നുവീണു. വൈകിട്ട് 5.45ഓടെയാണ് ഓടിട്ട കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. കിഴക്കേ നടക്കാവിലായിരുന്നു സംഭവം. നടക്കാവ് പോലീസും ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് അവശിഷ്ടങ്ങളും മറ്റും റോഡിൽ നിന്ന് നീക്കി.
ഈ കെട്ടിടത്തില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ആളില്ലാത്തതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. അതേസമയം, ഒരു ബൈക്ക് യാത്രികന് പരുക്കേറ്റിട്ടുണ്ട്. റോഡിന് തൊട്ടടുത്ത കെട്ടിടമാണ് തകര്‍ന്നത്. വൈകുന്നേര സമയത്ത് ഓഫീസ് വിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നിരവധി പേര്‍ ഈ റോഡിലൂടെ നടന്നുപോകാറുണ്ട്.
പഴക്കം ചെന്ന ഓടിട്ട നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പലതും കാലപ്പഴക്കത്താല്‍ നിലംപൊത്തിയിട്ടുണ്ട്. പലതിൻ്റെയും ഓടും പട്ടികയും കാൽനട യാത്രക്കാർക്ക് ഭീഷണിയായി നിലകൊള്ളുന്നുമുണ്ട്. ഇത്തരം കെട്ടിടങ്ങളുടെ താഴെനിലയില്‍ ഹോട്ടലുകളും വര്‍ക്ക് ഷോപ്പുകളും അടക്കം പ്രവര്‍ത്തിക്കുന്നുമുണ്ട്. റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തര്‍ക്കങ്ങളും കോടതി വ്യവഹാരങ്ങളും മറ്റും കാരണം ഈ കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയില്‍ തുടരുകയാണ്.