Kerala
രാഹുലിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവതരം; പരാതിക്കാര്‍ക്ക് സംരക്ഷണം നല്‍കും: മുഖ്യമന്ത്രി
വിഷയത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ക്രിമിനല്‍ രീതിയാണ് രാഹുലിന്റേത്. ഇങ്ങനെയൊരാള്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണെന്നും അദ്ദേഹത്തിനെതിരെ പരാതി ഉന്നയിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.
ക്രിമിനല്‍ രീതിയാണ് രാഹുലിന്റേത്. ഇങ്ങനെയൊരാള്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. രാഹുലിനെതിരായ ആരോപണങ്ങള്‍ കേരളീയ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. അയാള്‍ക്ക് എത്രകാലം പദവിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുലിനെതിരെ ഒന്നിലധികം റിപോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ടിവരില്ലെന്ന് പറയുന്നത് എത്രമാത്രം ക്രിമിനല്‍ രീതിയാണ്. പൊതു പ്രവര്‍ത്തകര്‍ക്ക് ഉള്ള അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തിലുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.