Connect with us

Kerala

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു; കരിപ്പൂരില്‍ നിന്ന് മാത്രം നഷ്ടമാവുക 25 സര്‍വീസുകള്‍

കേരളത്തില്‍ നിന്ന് 75-ഓളം സര്‍വീസുകള്‍ കുറച്ചേക്കും.

Published

|

Last Updated

ദുബൈ | കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തീരുമാനം. ഒക്ടോബര്‍ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഏകദേശം 75 ഓളം സര്‍വീസുകള്‍ കുറച്ചേക്കും. കരിപ്പൂരില്‍ നിന്ന് മാത്രം 25 ഗള്‍ഫ് സര്‍വീസുകള്‍ ഇല്ലാതാകുമെന്നാണ് റിപോര്‍ട്ട്.

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ ആറ് ദിവസമായി കുറയ്ക്കും. ദമ്മാമിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമായും ചുരുങ്ങും. അബൂദബിയിലേക്ക് ആഴ്ചയില്‍ നാല് ദിവസവും മസ്‌കത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസവുമായിരിക്കും സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ രണ്ടായി കുറയും. കൊച്ചി-അബൂദബി സര്‍വീസ് ആഴ്ചയില്‍ നാല് സര്‍വീസുകളാകും. തിരുവനന്തപുരം-ദുബൈ വിമാന സര്‍വീസ് പൂര്‍ണമായി നിര്‍ത്തും. കൂടാതെ, അബൂദബിയിലേക്കും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ഉണ്ടാകില്ല.

കരിപ്പൂരിലെയും കണ്ണൂരിലെയും പ്രധാന സര്‍വീസുകള്‍ നിര്‍ത്തുന്നു
കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് ഇതിനോടകം അവസാനിപ്പിച്ചു. കണ്ണൂരില്‍ നിന്ന് ബഹ്‌റൈന്‍, ജിദ്ദ, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇല്ലാതാകും. കുവൈത്തിലേക്ക് പോകണമെങ്കില്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഇനി മംഗളൂരു, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും.

സഊദിയിലെ ദമ്മാം-കണ്ണൂര്‍ സെക്ടറിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിയിരിക്കുകയാണ്. ഒന്നര വര്‍ഷമായി സര്‍വീസ് നടത്തിവന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സും, കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച ഇന്‍ഡിഗോയും പെട്ടെന്ന് സര്‍വീസുകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. നിലവില്‍ ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസുകളില്ല.

വാണിജ്യപരമായ കാരണങ്ങളാണ് സര്‍വീസുകളിലെ ഈ മാറ്റത്തിന് പിന്നിലെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ തീരുമാനം ടിക്കറ്റ് നിരക്ക് വര്‍ധനക്കും യാത്രക്കാരുടെ തിരക്കിനും ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

 

Latest