National
വിമാന യാത്രയ്ക്കിടയില്‍ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് വിലക്കി എയര്‍ ഇന്ത്യ
യാത്രക്കാർ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.

മുംബൈ | വിമാനയാത്രയ്ക്കിടയില്‍ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് വിലക്കി എയര്‍ ഇന്ത്യ. യാത്രക്കാർ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ യാത്രക്കാര്‍ക്ക് ദുരനുഭവം ഉണ്ടായതിനെ തുടര്‍ന്ന് ഡിജിസിഎ വൻതുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ജനുവരി 19ന് നിലവില്‍ വന്ന പോളിസി പ്രകാരം ക്യാബിന്‍ ക്രൂ നല്‍കുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം ഉണ്ടാകില്ല. സ്വന്തം ബാഗില്‍നിന്ന് മദ്യമെടുത്ത് കുടിക്കുന്നവരെ കണ്ടെത്താന്‍ ക്യാബിന്‍ ക്രൂവിന് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണമെന്നും എയര്‍ ഇന്ത്യ പറയുന്നു. ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് തോന്നിയാല്‍ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തില്‍ വ്യക്തമാക്കുന്നു.
ഒപ്പം മദ്യപിച്ച യാത്രക്കാരനെ ‘മദ്യപന്‍’ എന്ന് അഭിസംബോധന ചെയ്യരുതെന്നും നയത്തില്‍ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും എയര്‍ ഇന്ത്യ പറയുന്നു.