Kerala
എ ഐ കാമറ അഴിമതി; നിയമ നടപടിക്ക് എസ് ആര്‍ ഐ ടിയെ വെല്ലുവിളിച്ച് ചെന്നിത്തല
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും പുറത്തു കൊണ്ടുവന്ന രേഖകളും തെറ്റാണെങ്കില്‍ അവ ഖണ്ഡിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും എന്തുകൊണ്ട് സര്‍ക്കാരിന് കഴിയുന്നില്ല.

കോഴിക്കോട് | എ ഐ കാമറ അഴിമതി ആരോപണത്തില്‍ നിയമ നടപടിക്ക് വെല്ലുവിളിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ് ആര്‍ ഐ ടിയുടെ വിശദീകരണം അഴിമതിയെ വെള്ളപൂശുന്നതിനും വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്നതിനുമാണെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും പുറത്തു കൊണ്ടുവന്ന രേഖകളും തെറ്റാണെങ്കില്‍ അവ ഖണ്ഡിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും എന്തുകൊണ്ട് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
പൊതു മത്സരാധിഷ്ഠിത ടെണ്ടറില്‍ പങ്കെടുത്ത് നിയമാനുസൃതം ടെണ്ടര്‍ നേടിയെന്നാണ് എസ് ആര്‍ ഐ ടി പറയുന്നത്. അതുതന്നെ തെറ്റാണ്. ടെണ്ടര്‍ നടപടികള്‍ തന്നെ തെറ്റും നിയമസാധുത ഇല്ലാത്തതുമാണ്. ടെണ്ടര്‍ നടപടികളില്‍ ഒത്തുകളി നടന്നു എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. എസ് ഐ ആര്‍ ടിയും അശോകാ ബില്‍ഡ്‌കോണും അക്ഷരാ എന്റര്‍പ്രൈസസും ആണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ എസ് ആര്‍ ഐ ടിയും അശോകയും ഇതിന് മുമ്പു തന്നെ കെ ഫോണ്‍ പദ്ധതിയില്‍ ബിസിനസ് പങ്കാളികളായിരുന്നു. കെ ഫോണില്‍ എസ് ഐ ആര്‍ ടി ഉപകരാര്‍ കൊടുത്തത് അശോകയ്ക്ക് ആണ്. ഇങ്ങനെ ബിസിനസ് ബന്ധമുള്ളവര്‍ ടെണ്ടറില്‍ ഒത്തുകളിക്കുന്നത് ബിഡ് റിഗ്ഗിംഗ് ആണ്. കോമ്പറ്റീഷന്‍ നിയമപ്രകാരം കുറ്റകരമാണ്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് നടപടിയെടുക്കാം. ശിക്ഷ വിധിക്കാം.
ടെണ്ടറില്‍ പങ്കെടുത്ത മറ്റൊരു കമ്പനിയായ അക്ഷരക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. അതുകൊണ്ടു തന്നെ ടെണ്ടര്‍ അസാധുവാണ്. പ്രസാഡിയോ കമ്പനിക്ക് ലാഭം മുഴുവന്‍ കിട്ടത്തക്ക വിധം കരാര്‍ രൂപപ്പെട്ടതെങ്ങനെയെന്നതിന് മറുപടി ഇനിയും ആരും നല്‍കിയിട്ടില്ല. ഇത്രയൊക്കെ അഴിമതി പുറത്തു വന്നിട്ടും അഴിമതി പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പദ്ധതി റദ്ദാക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരം മുട്ടിയപ്പോള്‍ എസ് ആര്‍ ഐ ടിയെ രംഗത്തിറക്കിയിരിക്കുകയാണ്. പദ്ധതിയിലെ അഴിമതി പുറത്തു കൊണ്ടുവന്ന താന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് എസ് ആര്‍ ഐ ടി പറയുന്നത്. അവരുടെ നിയമ നടപടികളെ സ്വാഗതം ചെയ്യുന്നു. അവയെ നിയമപരമായി തന്നെ നേരിടും. മാത്രമല്ല, എസ് ആര്‍ ഐ ടി തന്നെ കോടതിയിലെത്തുന്നത് നല്ലതുമാണ്. കോടതിയില്‍ അഴിമതി തുറന്നു കാട്ടാനുള്ള അവസരമാണ് കമ്പനി തനിക്ക് ഒരുക്കി തരുന്നതെന്നും ചെന്നിത്തല പറഞ്ഞു.