National
ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡില്‍ വന്‍ ഡാറ്റ ചോര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍
ഏകദേശം 5,470,063 അക്കൗണ്ട് വിവരങ്ങളാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡില്‍നിന്ന് ചോര്‍ന്നിരിക്കുന്നത്
ന്യുഡല്‍ഹി | രാജ്യത്ത പ്രമുഖ ഫാഷന്‍ റീട്ടെയില്‍ കമ്പനിയായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡില്‍ വന്‍തോതിലുള്ള ഡാറ്റ ചോര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമില്‍നിന്ന് ഏകദേശം 54 ലക്ഷത്തിലധികം ഇ മെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
മെസേജ്-ഡൈജസ്റ്റ് 5 അല്‍ഗോരിതം 5 ഹാഷുകളായി ഡാറ്റബേസില്‍ സൂക്ഷിച്ചിരുന്ന പേരുകള്‍, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍, ജനനത്തീയതികള്‍, സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍ എന്നിവ പോലുള്ള സുപ്രധാന വ്യക്തിഗത ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കമ്പനിയിലെ ജീവനക്കാരുടെ ശമ്പളം, മതം, അവരുടെ വൈവാഹിക നില എന്നിവയും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ഏകദേശം 5,470,063 അക്കൗണ്ട് വിവരങ്ങളാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡില്‍നിന്ന് ചോര്‍ന്നിരിക്കുന്നത്. ചോര്‍ത്തിയ ഡാറ്റകള്‍ തിരിച്ചു നല്‍കാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടത് കമ്പനി നിരസിച്ചതോടെ അക്കൗണ്ട് വിവരങ്ങള്‍ ഒരു ഹാക്കിംഗ് ഫോറത്തില്‍ പരസ്യമായി പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഡാറ്റകള്‍ തിരിച്ചു നല്‍കാന്‍ ഹാക്കര്‍മാര്‍ എത്ര തുകയാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.





