Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം: വി ഡി സതീശന്‍

മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ്സ് നിലപാടെടുത്തത്

Published

|

Last Updated

തിരുവല്ല | രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവല്ലയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ക്കശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കിയത് പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുന്പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ?. ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. ഒരു  പീഡന കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്.

സ്വയം ഒരു ഉളുപ്പ് വേണ്ടേ?. പീഡന കേസിലെ പ്രതിയാണ് സി പി എമ്മില്‍ എം എല്‍ എയായി തുടരുന്നത്. ഇത്തരക്കാര്‍ക്കെതിരെ സി പി എം നടപടി എടുക്കാത്തതും ബി ജെ പി പോക്സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സി പി എമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയ്യാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്.

സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ്സ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ്സ് നിലപാടെടുത്തത്. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും സതീശൻ പറഞ്ഞു.