Connect with us

Uae

ലോകത്തിന്റെ ആദ്യ എ ഐ സിറ്റിയാവാൻ അബൂദബി

സ്മാർട്ട് ഹോമുകളും ഓട്ടോമേറ്റഡ് ഗതാഗതവും ഉൾപ്പെടുന്ന സിറ്റി "എയോൺ സെന്റിയ' എന്ന പേരിൽ

Published

|

Last Updated

അബൂദബി| അത്യാധുനിക കൃത്രിമബുദ്ധി (എ ഐ) സാങ്കേതികവിദ്യയിലൂടെ നഗരജീവിതം പുനർനിർവചിക്കാൻ ലക്ഷ്യമിട്ട് അബൂദബി. ലോകത്തിലെ ആദ്യ എ ഐ സിറ്റിയായ എയോൺ സെന്റിയ 2027-ഓടെ അബൂദബിയിൽ യാഥാർഥ്യമാകും. ഇറ്റാലിയൻ കമ്പനിയായ മൈ എയോൺ ഇൻകും അബൂദബിയിലെ ബോൾഡ് ടെക്‌നോളജീസും ചേർന്ന് 2.5 ബില്യൺ ഡോളറിന്റെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ മോഡലിൽ നടപ്പാക്കുന്നതാണ് ഈ പദ്ധതി. സ്മാർട്ട് ഹോമുകൾ, ഓട്ടോമേറ്റഡ് ഗതാഗതം, എ ഐ അധിഷ്ഠിത ആരോഗ്യസേവനങ്ങൾ എന്നിവ ഇതിലൂടെ ഒരുക്കും.

ഇത് ഒരു സ്മാർട്ട് സിറ്റി മാത്രമല്ല, പഠിക്കുകയും പരിണമിക്കുകയും ചെയ്യുന്ന കോഗ്‌നിറ്റീവ് സിറ്റിയാണ്. മൈ എയോൺ ഇൻകിന്റെ സി ഇ ഒ ഡാനിയേൽ മരിനെല്ലി പറഞ്ഞു.
എയോൺ സെന്റിയയുടെ കാതലായ എ ഐ മൊബൈൽ ആപ്ലിക്കേഷൻ തത്സമയ തീരുമാനങ്ങൾ എടുക്കുന്ന കോഗ്‌നിറ്റീവ് ഫ്രെയിംവർക്കിലൂടെ പൗരന്മാരുടെ ജീവിതം ലളിതമാക്കും. ഊർജ ഉപഭോഗ വിശകലനം, ഗതാഗത ഷെഡ്യൂളിംഗ്, സ്മാർട്ട് ഹോം ഇന്റഗ്രേഷൻ, അടിയന്തര സേവനങ്ങൾ എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഇതിലൂടെ ലഭ്യമാകും. ഉപയോക്താക്കളുടെ ഡാറ്റയിൽ നിന്ന് വ്യക്തിഗത മുൻഗണനകളും ശീലങ്ങളും മനസ്സിലാക്കി, ഒരു വ്യക്തിഗത അസിസ്റ്റന്റിനെപ്പോലെ ഇതിന് പ്രവർത്തിക്കാനാവും.

18 മാസത്തിനുള്ളിൽ അബൂദബിയിൽ ആരംഭിക്കുന്ന എയോൺ സെന്റിയ, യൂറോപ്പ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. യു എ ഇ സർവകലാശാലകളുമായി സഹകരിച്ച് എ ഐ, ഡിജിറ്റൽ സാങ്കേതിക മേഖലകളിൽ പരിശീലന പരിപാടികൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ സംരംഭം പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദേശീയ എ ഐ ഇക്കോസിസ്റ്റത്തിന് കരുത്തേകുകയും ചെയ്യുമെന്ന് ബോൾഡ് ടെക്‌നോളജീസ് സി ഇ ഒ താനി അൽ താനി അൽ ഫലാസി പറഞ്ഞു.

 

Latest