Uae
ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണം പരീക്ഷിച്ച് അബൂദബി
പരീക്ഷണത്തിന്റെ ഭാഗമായി റോബോട്ടിക് ആം ഘടിപ്പിച്ച ഡ്രോൺ അൽ സംഹയിൽ നിന്ന് ഖലീഫ ഇൻഡസ്ട്രിയൽ സോണിലേയ്ക്ക് (കിസാദ്) പാക്കേജ് വിജയകരമായി എത്തിച്ചു.
അബൂദബി| ഡ്രോണുകൾ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണ പദ്ധതിക്ക് അബൂദബി തുടക്കമിട്ടു. ഡിപ്പാർട്ട്‌മെന്റ്ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ (ഐ ടി സി) മേൽനോട്ടത്തിൽ, ലോഡ് ഓട്ടോണമസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. പരീക്ഷണത്തിന്റെ ഭാഗമായി റോബോട്ടിക് ആം ഘടിപ്പിച്ച ഡ്രോൺ അൽ സംഹയിൽ നിന്ന് ഖലീഫ ഇൻഡസ്ട്രിയൽ സോണിലേയ്ക്ക് (കിസാദ്) പാക്കേജ് വിജയകരമായി എത്തിച്ചു. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വിപുലമായ നാവിഗേഷൻ സംവിധാനത്തെ ആശ്രയിച്ചാണ് ഡ്രോൺ പ്രവർത്തിച്ചത്.
പരീക്ഷണത്തോടൊപ്പം ലോഡ് ഓട്ടോണമസ്, 250 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിവുള്ള “ഹെലി’ എന്ന ഹൈബ്രിഡ് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് (വി ടി ഒ എൽ) കാർഗോ ഡ്രോൺ പ്രദർശിപ്പിച്ചു. ഇലക്ട്രിക് മോട്ടോറുകളും ഒരു ആന്തരിക ജ്വലന എഞ്ചിനും സംയോജിപ്പിക്കുന്ന ഈ ഡ്രോണിന് പരമ്പരാഗത വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിയും.
ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലകളിൽ ആഗോള കണ്ടുപിടിത്തങ്ങൾ സ്വീകരിക്കുന്നതിനും സേവനങ്ങളുടെ നിലവാരം വർധിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും അബൂദബിക്കുള്ള പ്രതിബദ്ധത ഈ പരീക്ഷണം പ്രതിഫലിപ്പിക്കുന്നുവെന്ന് ഐ ടി സി ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല ഹമദ് അൽ ഗഫ്്ലി പറഞ്ഞു. പരമ്പരാഗത രീതികൾ ഉപയോഗിച്ച് ദിവസങ്ങൾ എടുത്തിരുന്ന കാര്യങ്ങൾ ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.






