Connect with us

Uae

അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രദര്‍ശന നഗരിയില്‍ പ്രൗഢ തുടക്കം

'ഇവിടെ ലോകത്തിന്റെ കഥകള്‍ പറയുന്നു' ശീര്‍ഷകത്തിലാണ് പുസ്തകമേള നടക്കുന്നത്. പ്രസിഡന്‍ഷ്യല്‍ കോര്‍ട് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അന്താരാഷ്ട്ര പുസ്തക നഗരിയിൽ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുട്ടികളുമായി കുശലാന്വേഷണം നടത്തുന്നു.

അബൂദബി | യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലെ അറബി ഭാഷാ കേന്ദ്രം സംഘടിപ്പിക്കുന്ന 33-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രദര്‍ശന നഗരിയില്‍ പ്രൗഢമായ തുടക്കമായി.

‘ഇവിടെ ലോകത്തിന്റെ കഥകള്‍ പറയുന്നു’ ശീര്‍ഷകത്തിലാണ് പുസ്തകമേള നടക്കുന്നത്. പ്രസിഡന്‍ഷ്യല്‍ കോര്‍ട് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയിലാണ് മേള ഒരുക്കിയിട്ടുള്ളത്.

കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി പ്രത്യേക മേഖലകള്‍, കോളജ്, സ്‌കൂള്‍, നഴ്സറികള്‍ക്കായി പ്രത്യേക മേഖലകള്‍ എന്നിവ ഈ വര്‍ഷം തയ്യാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കലകളും സംസ്‌കാരങ്ങളും പരിചയപ്പെടുത്തുന്നതിനായി പ്രസാധകരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

പ്രമുഖ പാചക വിദഗ്ധര്‍ ലൈവായി അവതരിപ്പിക്കുന്ന പാചക മേളയില്‍ അറബിക്, ചൈനീസ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉദ്ഘാടനത്തിന് ശേഷം നഗരിയിലെ വിവിധ പവലിയനുകള്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.

അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക്, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി ശൈഖ് സലേം അല്‍ ഖാസിമി, പ്രാരംഭ വിദ്യാഭ്യാസ സഹമന്ത്രിയും അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ചെയര്‍പേഴ്സണുമായ സാറാ അല്‍ മുസല്ലം, ഈജിപ്ത് സാംസ്‌കാരിക മന്ത്രി നെവീന്‍ എല്‍ കിലാനി, സാംസ്‌കാരിക ടൂറിസം വകുപ്പ് അണ്ടര്‍സെക്രട്ടറി സാഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസാനി, അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ ചെയര്‍മാന്‍ ഡോക്ടര്‍ അലി ബിന്‍ തമീം, അറബിക് ലാംഗ്വേജ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും അബൂദബി രാജ്യാന്തര പുസ്തകമേള ഡയറക്ടറുമായ സഈദ് ഹംദാന്‍ അല്‍ തുനൈജി, യു എ ഇയിലെ ഈജിപ്ത് സ്ഥാനപതി ഷെരീഫ് മഹമൂദ് ആയിഷ ഈദ് അല്‍മസ്റൂയി എന്നിവര്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുഗമിച്ചു.

ഈജിപ്ത് അതിഥി രാജ്യമായി പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 350 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാക്കിസ്ഥാന്‍, സൈപ്രസ്, മൊസാംബിക്, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബ്രസീല്‍ എന്നീ 12 രാജ്യങ്ങളുടെയും 140 പ്രസാധക സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിനും മേള ആദ്യമായി ഈ വര്‍ഷം സാക്ഷ്യം വഹിക്കുന്നു.

ഈജിപ്തിനെ അതിഥിയായി അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍, രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും ബൗദ്ധികവും വിജ്ഞാനവും നാഗരികവുമായ ചരിത്രവും പ്രദര്‍ശിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ബഹുജനങ്ങളുടെ സംസ്്കാരങ്ങളെയും അറിവിനെ സ്വാധീനിക്കുന്ന സാംസ്‌കാരികവും ബൗദ്ധികവുമായ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മേളയുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

മേള പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ വര്‍ഷത്തെ പതിപ്പില്‍ മേളയുടെ ചരിത്രത്തില്‍ ആദ്യമായി സമഗ്രമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയതായും സംഘാടകര്‍ വ്യക്തമാക്കി.

അറബ് സംസ്‌കാരത്തിനും അറബിക് നോവലുകള്‍ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അബൂദബി ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എ ഡി ഐ ബി എഫ്) ഈ വര്‍ഷത്തെ പതിപ്പിന്റെ ഫോക്കസ് പേഴ്സണാലിറ്റിയായി നഗീബ് മഹ്ഫൂസിനെ തിരഞ്ഞെടുത്തു.

1988-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ അറബ് എഴുത്തുകാരന്‍ എന്ന നിലയിലാണ് ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നാഗിബ് മഹ്ഫൂസിനെ പ്രദര്‍ശനത്തിന്റെ കേന്ദ്ര വ്യക്തിയായി തിരഞ്ഞെടുത്തത്. ലോകത്തിലെ മിക്ക ഭാഷകളിലേക്കും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നാഗിബ് മഹ്ഫൂസിന്റെ ഒരു ശാശ്വത പൈതൃകം, നാഗിബ് മഹ്ഫൂസിന്റെ സന്തതികള്‍, വേള്‍ഡ്‌സ് ഓഫ് നഗൂയിബ് മഹ്ഫൂസ് തുടങ്ങിയ സെഷനുകളില്‍ മഹ്ഫൂസ് പങ്കെടുക്കും.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest