koodathai murder case
കൂടത്തായ് കേസിലെ ഒരു സാക്ഷി കൂറുമാറി
മഹസര്‍ സാക്ഷി പ്രവീണ്‍കുമാറാണ് കുറുമാറിയത്
കോഴിക്കോട് | കൂടത്തായ് കേസിലെ ഒരു സാക്ഷി കൂറുമാറി. നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസര്‍ സാക്ഷി പ്രവീണ്‍കുമാറാണ് കുറുമാറിയത്. കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്.
പോലീസ് പറഞ്ഞത് പ്രകാരം അവര്‍ പറയുന്നിടത്തെല്ലാം ഒപ്പിടുകയായിരുന്നുവെന്ന മൊഴിയാണ് പ്രത്യേക വിചാരണ കോടതിയില്‍ പ്രവീണ്‍ നല്‍കിയത്. പ്രവീണ്‍കുമാര്‍ സി പി എം കട്ടാങ്ങല്‍ ലോക്കല്‍ മുന്‍ സെക്രട്ടറിയാണ്.
കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ നേരത്തെ സഹോദരന്മാര്‍ മൊഴി നല്‍കിയിരുന്നു. കൊല ചെയ്‌തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്‍കി . എന്‍.ഐ.ടിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിന്റെ കയ്യില്‍ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നുമായിരുന്നു മൊഴി.
കൂടത്തായിയിലെ പൊന്നാമറ്റം എന്ന കുടുംബത്തില്‍ മുമ്പ് നടന്ന ആറു കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതാണ് കൂടത്തായി കൊലക്കേസ്. ഒന്നാം പ്രതി ജോളിയെ 2019 ഒക്ടോബര്‍ അഞ്ചിനും ജോളിയെ സഹായിച്ച മറ്റ് മൂന്നു പ്രതികളായ എം എസ് മാത്യു , പ്രജുകുമാര്‍ , മനോജ് എന്നിവരെ തൊട്ടടുത്തദിവസങ്ങളിലും അറസ്റ്റു ചെയ്തു.





