Connect with us

Editorial

ദുരൂഹ തിരോധാനങ്ങളില്‍ പഴുതടച്ച അന്വേഷണം വേണം

കുടുംബക്കാരുമായി പ്രശ്‌നത്തില്‍ കഴിയുന്നവരോ ഒറ്റക്ക് താമസിക്കുന്നവരോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യന്‍ ലക്ഷ്യം വെച്ചത്. കേസന്വേഷണം ഏറെ മുന്നോട്ട് പോയെങ്കിലേ സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. ഇതിനു പക്ഷേ അന്വേഷണം തീര്‍ത്തും സത്യസന്ധവും കാര്യക്ഷമവുമായിരിക്കണം.

Published

|

Last Updated

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു കുഴിച്ചുമൂടിയെന്നാരോപിക്കപ്പെടുന്ന കര്‍ണാടകയിലെ “ധര്‍മസ്ഥല ക്ഷേത്ര’ത്തെ ഓര്‍മിപ്പിക്കുന്നു ചേര്‍ത്തല പള്ളിപ്പുറം സെബാസ്റ്റ്യന്റെ വീടും പരിസരവും. നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തി വരുന്ന തിരച്ചിലില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായി മൃതശരീരത്തിന്റെ അവശിഷ്ടം, കത്തിക്കരിഞ്ഞ ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍, ലേഡീസ് ബാഗ്, സ്ത്രീകളുടെ വസ്ത്രാവശിഷ്ടങ്ങള്‍ തുടങ്ങിയവ കണ്ടെടുക്കുകയുണ്ടായി. ചേര്‍ത്തലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ 2006ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012ല്‍ കാണാതായ ഖൈറുമ്മ എന്ന ആഇശ, 2020ല്‍ കാണാതായ സിന്ധു, കഴിഞ്ഞ ഡിസംബറില്‍ കാണാതായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മ എന്നിവരുടേതാണ് മൃതദേഹവും അസ്ഥികളുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

2012 മേയ് 13നാണ് ആഇശയെ കാണാതായത്. ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് ബേങ്കിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് വിവരമറിഞ്ഞില്ല. ആഇശക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിക്കാന്‍ മുന്‍കൈയെടുത്തത് സെബാസ്റ്റ്യനായിരുന്നുവത്രെ. മകളുടെ വിവാഹ നിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് 2020 ഒക്ടോബര്‍ 19ന് വൈകിട്ട് അമ്പലത്തിലേക്കെന്നു പറഞ്ഞ് പോയതാണ് സിന്ധു. പിന്നെ അവരെ ആരും കണ്ടിട്ടില്ല. ആര്‍ത്തുങ്കല്‍ പോലീസ് കുറെ അന്വേഷണം നടത്തിയെങ്കിലും എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായതുമില്ല.

കാണാതായ സ്ത്രീകളുമായി സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നതെങ്കിലും ജൈനമ്മയുടെ തിരോധാനത്തില്‍ മാത്രമാണ് സെബാസ്റ്റ്യന്‍ ഇതുവരെ കുറ്റസമ്മതം നടത്തിയത്. മറ്റു സ്ത്രീകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. പോലീസോ കാണാതായ സ്ത്രീകളുടെ ബന്ധുക്കളോ അത് വിശ്വസിക്കുന്നില്ല. മാത്രമല്ല, അടുത്ത വര്‍ഷങ്ങളില്‍ ചേര്‍ത്തലയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ മറ്റു സ്ത്രീകളുടെ കാര്യത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നു. അന്വേഷണം ഇവരുടെ കാര്യത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 2020 മുതലുള്ള പതിനാറ് വര്‍ഷത്തിനിടെ റിപോര്‍ട്ട് ചെയ്ത സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ചായിരിക്കും അന്വേഷണം. ഈ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീകള്‍ ആരെല്ലാമെന്ന വിവരം ശേഖരിച്ചു വരികയാണ് പോലീസ്.

സീരിയല്‍ കില്ലര്‍ (നിശ്ചിത കാലയളവില്‍ മൂന്ന് കൊലപാതകങ്ങളെങ്കിലും നടത്തുന്ന കുറ്റവാളി) ആയാണ് സെബാസ്റ്റ്യനെ വിലയിരുത്തുന്നത്. കൊലപാതകത്തിലും കുറ്റകൃത്യങ്ങളിലും കൈയറപ്പ് തീര്‍ന്നവരാണ് ഈ വിഭാഗം. 1980കളില്‍ 14 കൊലപാതകങ്ങള്‍ നടത്തി സംസ്ഥാനത്തെ വിറപ്പിച്ച റിപ്പർ ചന്ദ്രന്‍, 2009-2014 കാലയളവില്‍ എറണാകുളത്തെ നടുക്കിയ ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയ കേസില്‍ പിടിയിലായ തേവരയിലെ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യര്‍ തൊട്ട് തലശ്ശേരി പിണറായിയില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന പടന്നക്കര സൗമ്യ, കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ ജോളി ജോസഫ് തുടങ്ങിയ വനിതാ കില്ലര്‍മാരെ വരെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് കേരളം. ലൈംഗിക താത്പര്യം, സ്വത്ത് തട്ടിയെടുക്കല്‍, ആഡംബര ജീവിതം, വഴിവിട്ട ബന്ധങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇത്തരം കൂട്ടക്കൊലകള്‍ക്ക് പിന്നില്‍.

സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട് സംസ്ഥാനത്ത്. സ്ത്രീകളെ വശീകരിച്ചും തട്ടിയെടുത്തും ലൈംഗികാവശ്യത്തിന് ഉപയോഗപ്പെടുത്തിയ ശേഷം കൊല്ലുന്ന സംഭവങ്ങള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. സ്ത്രീകളെ വശീകരിച്ച് പണവും സ്വത്തും കൈക്കലാക്കിയ ശേഷം കൊലപ്പെടുത്തുകയാണ് സെബാസ്റ്റ്യന്റെ രീതിയെന്നാണ് പോലീസ് കണ്ടെത്തിയത്. 2006ല്‍ കാണാതായ ബിന്ദു പത്മനാഭന്റെ സ്വത്ത് വ്യാജരേഖ ചമച്ച് സെബാസ്റ്റ്യന്‍ തട്ടിയെടുത്തതായി നേരത്തേ വ്യക്തമായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. നിശ്ചിത ജോലിയൊന്നുമില്ലാത്ത സെബാസ്റ്റ്യന് ബേങ്ക് അക്കൗണ്ടില്‍ കോടികളുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് അനുയോജ്യവും ദുരൂഹത നിറഞ്ഞതുമാണ് സെബാസ്റ്റ്യന്‍ താമസിക്കുന്ന രണ്ടര ഏക്കറിലധികം വരുന്ന വീടും പരിസരവും. കാടുകള്‍ നിറഞ്ഞ ചതുപ്പുനിലം. ചെറുതും വലുതുമായി കുളങ്ങളുമുണ്ട്. തൊട്ടടുത്ത് വീടുകളുമില്ല.

രഹസ്യമായി കുറ്റകൃത്യങ്ങള്‍ നടത്തുന്നവരും തട്ടിപ്പുകാരും വെട്ടിപ്പുകാരും പുറമെ മാന്യരായിരിക്കും പൊതുവെ. സെബാസ്റ്റ്യന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നല്ലവനും മാന്യനുമാണ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമിടയില്‍. വസ്തു ഇടപാടുകളും ബ്രോക്കര്‍ പണിയുമായിരുന്നു പുറമെ അറിയപ്പെട്ട അദ്ദേഹത്തിന്റെ വരുമാന മാര്‍ഗങ്ങള്‍. ഈ തൊഴിലിനിടെയാണത്രെ സ്ത്രീകളെ പരിചയപ്പെടുന്നതും വശത്താക്കുന്നതും. കുടുംബക്കാരുമായി പ്രശ്‌നത്തില്‍ കഴിയുന്നവരോ ഒറ്റക്ക് താമസിക്കുന്നവരോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യന്‍ ലക്ഷ്യം വെച്ചത്.

കേസന്വേഷണം ഏറെ മുന്നോട്ട് പോയെങ്കിലേ സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. ഇതിനു പക്ഷേ അന്വേഷണം തീര്‍ത്തും സത്യസന്ധവും കാര്യക്ഷമവുമായിരിക്കണം. നേരത്തേ ബിന്ദു പത്മനാഭന്റെയും ആഇശയുടെയും തിരോധാനവുമായി ബന്ധപ്പെട്ട കേസിലും സെബാസ്റ്റ്യന്റെ സന്തത സഹചാരിയായിരുന്ന മനോജിന്റെ മരണത്തിലും പോലീസ് ഒളിച്ചുകളി നടത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നത് പതിവു സംഭവമാണ്. സ്ത്രീകളുടെ തിരോധാന കേസുകളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കര്‍മസമിതി രംഗത്ത് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും നിവേദനം നല്‍കിയിരിക്കുകയാണ് സമിതി.

Latest