National
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന്
വൈകുന്നേരം 4.15-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വാർത്താസമ്മേളനം നടത്തും
ന്യൂഡല്‍ഹി | രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (Special Intensive Revision – എസ് ഐ ആർ) സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.15-ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പ്രഖ്യാപനം നടത്താനാണ് സാധ്യത. വാർത്താ സമ്മേളനത്തിന്റെ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ഷണക്കത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, എസ് ഐ ആർ. സമയക്രമം പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതായി പി ടി ഐ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും, 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി ഉൾപ്പെടെ 10 മുതൽ 15 വരെ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി ആദ്യ ഘട്ട എസ് ഐ ആർ. പ്രഖ്യാപിക്കാനാണ് സാധ്യത.
ബീഹാറിൽ അടുത്തിടെ വോട്ടർ പട്ടിക പുതുക്കൽ പൂർത്തിയാക്കിയിരുന്നു. സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ഏകദേശം 7.42 കോടി വോട്ടർമാരുള്ള അന്തിമ പട്ടികയാണ് സംസ്ഥാനം പുറത്തിറക്കിയത്. നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.
എസ് ഐ ആർ പദ്ധതിയുടെ അന്തിമ രൂപത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി (സി ഇ ഒ) രണ്ട് തവണ ചർച്ചകൾ നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതോ വരാനിരിക്കുന്നതോ ആയ സംസ്ഥാനങ്ങളിൽ എസ് ഐ ആർ. നടപടികൾ പിന്നീട് പരിഗണിക്കും. അത്തരം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ജോലികളുമായി ഉദ്യോഗസ്ഥർ തിരക്കിലായിരിക്കും എന്നതിനാലാണിത്.
പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലം പരിശോധിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ (വിദേശികളെ) വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നതാണ് എസ് ഐ ആർ.-ന്റെ പ്രധാന ലക്ഷ്യം. ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിന് പ്രാധാന്യമേറെയാണ്. നിലവിലെ വോട്ടർമാരെ പഴയ രേഖകളുമായി താരതമ്യം ചെയ്യുന്നതിനായി ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മുൻ വർഷങ്ങളിലെ വോട്ടർ പട്ടികകൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്.




