International
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ് വിദേശകാര്യ സെക്രട്ടറി റൂബിയോയുമായി കൂടിക്കാഴ്ച നടത്തി
ആസിയാൻ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.
കൗലാലംപുർ | വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി മലേഷ്യയിലെ കൗലാലംപുരിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രാദേശിക, ആഗോള വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആസിയാൻ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.
“ഇന്ന് രാവിലെ കൗലാലംപുരിൽ യുഎസ് വിദേശകാര്യ സെക്രട്ടറി റൂബിയോയെ കണ്ടതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുമുള്ള ചർച്ചകളെ അഭിനന്ദിക്കുന്നു” – ജയശങ്കർ കൂടിക്കാഴ്ചയ്ക്ക് ശേഷം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇന്ത്യയും യു എസ്സും തമ്മിൽ ചില വിഷയങ്ങളിൽ നേരിയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ എതിർപ്പുകൾക്കിടയിലും പാകിസ്താനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാൻ യു എസ് ശ്രമിക്കുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. അതേസമയം, പാകിസ്താനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള ചരിത്രപരവും പ്രധാനപ്പെട്ടതുമായ സൗഹൃദത്തിന് തടസ്സമാകില്ലെന്നാണ് ഇന്നലെ റൂബിയോ മാധ്യമങ്ങളോട് പ്രതികരിച്ചത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പലതവണ പരസ്യമായി ഇന്ത്യക്കെതിരെ വിമർശനം ഉന്നയിക്കുകയും, ഇതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലവും ഈ കൂടിക്കാഴ്ചയ്ക്കുണ്ട്. എണ്ണ സംഭരണം വൈവിധ്യവൽക്കരിക്കാനുള്ള താൽപര്യം ഇന്ത്യ പ്രകടിപ്പിച്ചതായി റൂബിയോ ഇന്നലെ സൂചിപ്പിച്ചിരുന്നു.


